തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ദുരഭിമാനക്കൊലക്കേസ്: ഭാര്യാപിതാവ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ

single-img
12 December 2017

ചെന്നൈ: ഉദുമല്‍പേട്ടയിലെ ദുരഭിമാനക്കൊലയില്‍ ആറുപേര്‍ക്ക് വധശിക്ഷ. ദളിത് യുവാവായ ശങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ഭാര്യാപിതാവടക്കം ആറുപേര്‍ക്ക് തിരുപ്പൂര്‍ കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെവിട്ടു.

ശങ്കറിന്റെ ഭാര്യ കൗസല്യ നല്‍കിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയില്‍ നിര്‍ണായകമായത്. 2016 മാര്‍ച്ച് പതിമൂന്നിനാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ദളിത് സമുദായംഗമായ ശങ്കറി(22)നെ പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തിയത്.

പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ദളിത് സമുദായാംഗം മകളെ വിവാഹം കഴിച്ചതില്‍ കുപിതനായ കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമിയും അമ്മാവന്‍ പാണ്ടിദുരൈയും ചേര്‍ന്നാണ് ശങ്കറിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചത്.

ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പത്തുവര്‍ഷവും മറ്റ് കുറ്റങ്ങള്‍ക്ക് മൂന്നുവര്‍ഷവും ചിന്നസ്വാമിക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. കൗസല്യയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ പതിനൊന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.

ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.