ജിഷ വധക്കേസ്: പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ വിധിക്കും
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാം കുറ്റക്കാരന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന് വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഉണ്ണികൃഷ്ണനും പ്രതിക്ക് വേണ്ടി അഡ്വ. ബി.എ ആളൂരും ഹാജരായി. അമീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയില്ല.
പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റം ചെയ്തിട്ടില്ലെന്നും വിധിയിലുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും ആവശ്യം. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.
എന്നാല്‍ നിലവിലുളള തെളിവുകള്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്നവയല്ലെന്ന വാദമാണ് പ്രതിയുടെ അഭിഭാഷകന് ബി.എ.ആളൂര്‍ കോടതിയിലുയര്ത്തിയത്. വിധി കേള്‍ക്കുന്നതിനായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു.
ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്ലാമിന്റെ ഉമിനീര്, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായിരിക്കും ജിഷ വധക്കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക), ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി ഒരു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അമീറുല്‍ ഇസ്ലാം.
ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബര്‍ 17നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 10നാണ് പ്രതി അമിറുള്‍ ഇസ്ലാം പൊലീസിന്റെ പിടിയിലാകുന്നത്.