സിപിഐയെ ഒതുക്കാന്‍ പുതിയ കരുനീക്കങ്ങളുമായി സിപിഎം

single-img
12 December 2017

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 14ന് അടിയന്തര യോഗം ചേരും. കെ.എം.മാണിയെയും വീരേന്ദ്രകുമാറിനെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണു സൂചന.

തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം ഇടങ്കോലിടാന്‍ വരുന്ന സിപിഐയെ നിലയ്ക്കുനിര്‍ത്താനുള്ള വഴിയാണ് കേരള കോണ്‍ഗ്രസ് എമ്മിനെയും ജനതാദള്‍ യുവിനെയും എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സിപിഐ മുന്നണി വിട്ട് പോയാലും പ്രശ്‌നമില്ലെന്ന സാഹചര്യമൊരുക്കാനുമാണു സംസ്ഥാന നേതൃത്വത്തിന്റെ അടിയന്തര നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു തന്നെ ലഭിക്കുന്ന വിവരം.

അതേസമയം ഇടതുപക്ഷത്തുണ്ടായിരുന്ന ആര്‍എസ്പിയെയും ഫോര്‍വേഡ് ബ്ലോക്കിനെയും പിണക്കിവിട്ടിട്ടു കെ.എം. മാണിയെയും വീരേന്ദ്രകുമാറിനെയും മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രതിപക്ഷത്തിരുന്ന സമയത്ത് മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ മാണിയെ പാര്‍ട്ടിയിലേക്ക് കൈപിടിച്ചുകയറ്റുന്നതെന്നത് പാര്‍ട്ടിക്ക് അപമാനകരമാകുമെന്നാണ് ചില നേതാക്കള്‍ക്കളുടെ വിലയിരുത്തല്‍.

എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ മാണിയുടെ മുന്നണി പങ്കാളിത്തം സഹായിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വാദിക്കുന്നത്. അതേസമയം കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ദേശീയ നേതൃത്വത്തില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതെന്നതും നേതാക്കളുടെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.

എന്നാല്‍ സിപിഐയെ ഒതുക്കുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അത്തരം നീക്കുപോക്കുകള്‍ ഉചിതമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്നണിയുടെ ഭാഗമാക്കിക്കഴിഞ്ഞാല്‍ ഏറെത്താമസിയാതെ കേരള കോണ്‍ഗ്രസ് എമ്മിനെ സിപിഎമ്മിന്റെ വരുതിയിലാക്കാമെന്ന വിലയിരുത്തലും ചില നേതാക്കള്‍ക്കുണ്ട്.

അതേസമയം വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ നേരിട്ട് എല്‍ഡിഎഫില്‍ എടുക്കുന്നതു മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്ന മറ്റു ചില ചെറുപാര്‍ട്ടികളുടെ അനിഷ്ടം ക്ഷണിച്ചുവരുത്തുമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എച്ച്.ഡി.ദേവെ ഗൗഡയുടെ പാര്‍ട്ടിയുടെ ഭാഗമാക്കി വീരേന്ദ്രകുമാറിനെ കൊണ്ടുവന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവും. എന്നാല്‍, അത്തരമൊരു വിട്ടുവീഴ്ചയ്ക്കു ഗൗഡ തയാറല്ലെന്നാണു സൂചന.