ചാനലുകളില്‍ പകല്‍ സമയം ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതിന് വിലക്ക്

single-img
12 December 2017

രാവിലെ ആറു മുതല്‍ രാത്രി പത്തു വരെ ടെലിവിഷന്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

ഇത്തരം പരസ്യങ്ങള്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറു വരെയുള്ള സമയത്തു മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന് ഉത്തരവില്‍ പറയുന്നു. ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.