കേരള കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി ജോസഫ് വിഭാഗം: യുഡിഎഫിലേക്ക് മടങ്ങണമെന്ന സൂചന നല്‍കി മോന്‍സ് ജോസഫ്

single-img
10 December 2017

കേരള കോണ്‍ഗ്രസ് എമ്മിലെ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എം.എല്‍.എ. വൈസ് ചെയര്‍മാന്‍ പദവി ഒഴിവുവന്നത് കൊണ്ട് മാത്രമാണ് അവിടെ ജോസ് കെ. മാണിയെ നിയമിച്ചത്. നേതൃമാറ്റം പാര്‍ട്ടി ആലോചിച്ചിട്ടില്ല.

ലയനസമയത്ത് നേതൃപദവികള്‍ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് പാര്‍ട്ടിയില്‍ നേതൃമാറ്റം അംഗീകരിക്കില്ലെന്ന് പി.ജെ. ജോസഫ് വിഭാഗം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് ആരു മുന്‍കയ്യെടുക്കണമെന്നു യുഡിഎഫ് നേതൃത്വത്തിനു തീരുമാനിക്കാം.

ഏതുമുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാ സീറ്റുകളും ലോക്‌സഭാ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫിലായാലും എല്‍ഡിഎഫിലായാലും കോട്ടയം ലോക്‌സഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിക്കുമെന്നും മോന്‍സ് ജോസഫ് അവകാശപ്പെട്ടു.