ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു: പാപ്പാനെ കുത്തി; നിരവധിപേര്‍ക്ക് പരിക്ക്

single-img
10 December 2017

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളത്തിനിടെ ആനകളിടഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇടഞ്ഞ ആനകളിലൊന്ന് പാപ്പാനെ കുത്തി പരിക്കേല്‍പ്പിച്ചു. ശീവേലി എഴുന്നള്ളത്തിനിടെ ശ്രീകൃഷ്ണനെന്ന കുട്ടിക്കൊമ്പന്‍ ഇടഞ്ഞ് പാപ്പാന്‍ സുഭാഷിനെ കുത്തുകയായിരുന്നു.

ഇതോടെ തൊട്ടുമുമ്പിലുണ്ടായിരുന്ന കൊമ്പന്‍ രവിക്യഷ്ണനും ഗോപീകൃഷണനും ഇടഞ്ഞു. തിടമ്പേറ്റിയിരുന്ന കൊമ്പന്‍ ഗോപീകൃഷ്ണന്‍ ഭഗവതികെട്ടു വഴി പുറത്തേക്കോടി. ഇതിനിടെ കീഴ്ശാന്തി തിടമ്പുമായി താഴെ വീണു. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ക്ക് പരിക്കേറ്റു.

പാപ്പാന്‍ സുഭാഷ്, ദേവകി (60), ഋഷികേശ് (11) എന്നിവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒമ്പതു പേരെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

ഗോപീകൃഷ്ണനെ ക്ഷേത്രത്തിന് പുറത്തുവെച്ചു തളച്ചു. പാപ്പാനെ കുത്തിയ ശേഷം ക്ഷേത്ര കലവറയിലേക്ക് കയറിയ ശ്രീക്യഷ്ണനെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളക്കുകയും ചെയ്തു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭക്തരെ ക്ഷേത്രത്തിനകത്തു നിന്ന് മാറ്റിയിരുന്നു.