മെസിയെയും നെയ്മറെയും പിന്തള്ളി റൊണാൾഡോയ്ക്ക് ബാലൻ ഡി ഓർ

single-img
8 December 2017

2017ലെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ബാഴ്സലോണയുടെ അർജന്‍റീനൻ സൂപ്പർതാരം ലയണൽ മെസിയെയും ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കർ നെയ്മറെയും പിന്തള്ളിയാണ് പോർച്ചുഗീസ് ഇതിഹാസം പുരസ്കാരം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാരം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടുന്ന താരമെന്ന മെസിയുടെ റിക്കാർഡിനൊപ്പമെത്തി റൊണാൾഡോ.

ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രാൻസ് ഫുട്ബോൾ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വർഷം മുതൽ ബലോൻ ദ് ഓർ പുരസ്കാര നിർണയം നടത്തുന്നത്.

പാരീസിലെ ഈഫൽ ഗോപുരത്തിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാന്പ്യൻസ് ലീഗും ലാ ലിഗാ കിരീടവും നേടിക്കൊടുക്കുന്നതിൽ റൊണാൾഡോയുടെ പ്രകടനം നിർണായകമായിരുന്നു. നേരത്തെ 2008,2013,2014,2016 വർഷങ്ങളിലാണ് റൊണാൾഡോ പുരസ്കാരം നേടിയത്.