മദ്യമാഫിയയെ പിടികൂടാന്‍ പോലീസിനെ സഹായിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നടത്തി

single-img
8 December 2017

മദ്യമാഫിയയെ പിടികൂടാന്‍ വനിതാ കമ്മീഷനെയും പൊലീസിനെയും സഹായിച്ച സ്ത്രീയെ മര്‍ദ്ദിച്ച് നഗ്‌നയാക്കി നടത്തി. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം. യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ റാക്കറ്റ് സംഘം തന്നെ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ അപലപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിനോട് നടപടി ആവശ്യപ്പെടുകയും ചെയ്തു. നരേലയിലെ അനധികൃത മദ്യവില്‍പനയെ കുറിച്ച് കഴിഞ്ഞ ദിവസം സ്ത്രീ വനിതാ കമ്മീഷന് വിവരം നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 300ഓളം മദ്യക്കുപ്പികള്‍ പിടികൂടുകയും ചെയ്തു. ഇതിനുശേഷം ഇന്ന് രാവിലെയാണ് സ്ത്രീ ആക്രമിക്കപ്പെട്ടത്. 25ഓളം പേര്‍ ഇരുമ്പ് ദണ്ഡുമായി വന്ന് സ്ത്രീയ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി അവരെ നഗ്‌നയാക്കി നടത്തുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

സംഭവത്തില്‍ ലോക്കല്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്ത് വന്നിട്ടുണ്ട്. യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നയാക്കി നടത്തുകയും ചെയ്തു എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിന്റെ പ്രസ്താവന പോലീസ് സൂപ്രണ്ട് രജനീഷ് ഗുപ്ത നിഷേധിച്ചു.

എന്നാല്‍ പ്രദേശത്തെ പല വീടുകളിലും ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തന്നെ മദ്യ വില്‍പന നടക്കുന്നുണ്ട് എന്ന് മലിവാള്‍ പ്രതികരിച്ചു. മര്‍ദ്ദനമേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം 55 കേസുകളാണ് എക്‌സൈസ് നിയമത്തിനു കീഴില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.