ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; പ്രകടനപത്രികയില്ലാതെ ബിജെപി; നേതാക്കള്‍ക്ക് മൗനം

single-img
8 December 2017


ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ബി.ജെ.പിയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും നിരന്തരം വാക്ശരങ്ങള്‍കൊണ്ട് ഏറ്റുമുട്ടിയ ആദ്യഘട്ട പ്രചാരണത്തിന് വ്യാഴാഴ്ച വൈകീട്ട് തിരശ്ശീല വീണതോടെ ഇരുപക്ഷവും ആത്മവിശ്വാസത്തിലാണ്.

അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍, ഭരണം നിലനിര്‍ത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇത്തവണ 150ലേറെ സീറ്റു നേടുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന ജാതിശക്തികള്‍ ഇത്തവണ കൂടുതല്‍ സജീവമാണ്.

ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ്ഠാക്കൂര്‍ എന്നീ ചെറുപ്പക്കാരുമായുള്ള കൂട്ടുകെട്ട് കച്ചിരുമ്പല്ല കലപ്പയാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. എന്നാല്‍ സംസ്ഥാന നേതൃത്തത്തില്‍ തന്നെ ഈ സംഖ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുമുണ്ട്.

ബി.ജെ.പി അവസാന റൗണ്ടിലെത്തിയപ്പോള്‍ പുറമേക്ക് കാണിച്ചില്ലെങ്കിലും ഉള്ളില്‍ കടുത്ത ആശങ്കയിലാണ്. വിദൂരഗ്രാമങ്ങളിലെ ശുഷ്‌കമായ സദസ്സിനെപ്പോലും പ്രധാനമന്ത്രിക്ക് അഭിസംബോധന ചെയ്യേണ്ടിവന്നത് ഭരണകക്ഷി വിയര്‍ക്കുന്നതിന്റെ പ്രകടമായ ലക്ഷണമാണെന്നാണ് നിരീക്ഷണം.

അതേസമയം മണിശങ്കര്‍ മോദിയെ നീചനെന്ന് വിളിച്ച സാഹചര്യത്തില്‍ ആ പരാമര്‍ശം വോട്ടാക്കി മാറ്റുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന വിലയിരുത്തലുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഈ വിവാദ വിഷയം സജീവമായി നിലനിര്‍ത്തി രാഷ്ട്രീയമായി മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.

അതിനിടെ പ്രകടന പത്രികയിറക്കാതെയാണ് ബിജെപി ആദ്യഘട്ട വോട്ടെടുപ്പിനെ നേരിടുന്നത്. എന്തുകൊണ്ട് പ്രകടന പത്രിക ഇറക്കിയില്ല എന്ന ചോദ്യത്തിന് നേതാക്കള്‍ കൃത്യമായ മറുപടി നല്‍കുന്നില്ല. ഇതോടെ വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ വാഗ്ദാനങ്ങളൊന്നുമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

ബിജെപി ജനങ്ങളെ മാനിക്കുന്നില്ലെന്ന് പ്രകടന പത്രിക പുറത്തിറക്കാത്തതിലൂടെ വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഗുജറാത്തിന്റെ ഭാവി സംബന്ധിച്ച് ബിജെപിക്ക് ഒരു കാഴ്ചപ്പാടുമില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നിര്‍ത്താതെ സംസാരിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ പ്രകടന പത്രികയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പരിഹസിച്ചു.

കോണ്‍ഗ്രസ് ഇതിനകം പ്രകട പത്രിക പുറത്തിറക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നതാണ് പ്രധാന വാഗ്ദാനം. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കും. സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ വ്യവസ്ഥ അവസാനിപ്പിച്ച് കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് പഠനത്തിലും ജോലിയിലും തുല്യാവകാശം നല്‍കും എന്നെല്ലാമാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.