ചെറിയ ഉള്ളിക്ക് 200 രൂപ: സവാളയ്ക്ക് 45: ഉള്ളി വില കുതിക്കുന്നു

single-img
7 December 2017

ചെറിയ ഉള്ളിക്കും സവാളയ്ക്കും രാജ്യത്ത് വിലകുതിക്കുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ 30 ശതമാനം വരെയാണു വില ഉയര്‍ന്നത്. മുംബൈയിലെ മലയാളിസമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍180 വരെയെത്തി.

ചെറുകിടവില്‍പ്പന 200ന് മുകളിലും. സവാളയ്ക്ക് ഒരുമാസംമുന്‍പ് 25 മുതല്‍ 35 വരെയായിരുന്നു മൊത്തവില. ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന 60ന് മുകളിലും. വിലക്കയറ്റം രണ്ടാഴ്ച കൂടി തുടരുമെന്നു കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴ ചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു തിരിച്ചടിയായെന്നു കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണം.

ജൂലൈയില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന ഖാരിഫ് സീസണില്‍ 30 ശതമാനം സവാളക്കൃഷി കുറഞ്ഞെന്നാണു കണക്കുകള്‍.