20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥി അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

single-img
7 December 2017

ഹരിയാനയില്‍ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനാറുകാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രതിയെ പൊലീസ് പിടികൂടി. ബാലികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ബുധനാഴ്ച വൈകിട്ട് വീടിനു പുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അയല്‍വാസിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിയെത്തി.

തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കടയിലെ ജോലിക്കാരന്റെ ഭാര്യാ സഹോദരാണ് പ്രതി. പൊലീസ് വിവരം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ വെള്ളടാങ്കില്‍ മുക്കി കൊല്ലുകയായിരുന്നു.