നരേന്ദ്ര ഭായിയെപ്പോലെയല്ല, ഞാന്‍ മനുഷ്യനാണ്; ബിജെപിക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍: അയോധ്യ ആയുധമാക്കി മോദി

single-img
6 December 2017

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഉത്തരം ആവശ്യപ്പെടുന്നു എന്ന തലക്കെട്ടില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് നിത്യേനയുള്ള ചോദ്യങ്ങളില്‍ കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ശതമാന കണക്കിലാണ് തെറ്റുകള്‍ കടന്നു കൂടിയത്.

ഇത് വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ച് ശതമാനകണക്ക് മാറ്റിയാണ് രാഹുല്‍ വീണ്ടും ഇത് പോസ്റ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിലുണ്ടായ തെറ്റിനെ പരിഹസിച്ച് ബി ജെ പി രംഗത്ത് എത്തിയിരുന്നു. ഇതിനാണ് ഇന്ന് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.

‘എന്റെ എല്ലാ ബി ജെ പി സുഹൃത്തുക്കള്‍ക്കും വേണ്ടി: നരേന്ദ്ര ഭായിയില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ മനുഷ്യനാണ്. നാം ചിലപ്പോഴൊക്കെ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അത് തുടരുക. മെച്ചപ്പെടുന്നതില്‍ അത് എനിക്ക് ഏറെ സഹായകരമാകും’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം അയോധ്യാവിഷയം കോണ്‍ഗ്രസ്സിനെതിരെ ശക്തമായ പ്രചരണായുധമാക്കുകയാണ് ബിജെപി. അയോധ്യാകേസ് പരിഗണിക്കുന്നത് 2019 വരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് എന്തധികാരമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം.

കപില്‍ സിബല്‍ എന്തിനാണ് അയോധ്യയിലെ രാമമന്ദിരത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്ന് മോദി ചോദിച്ചു. തിരഞ്ഞെടുപ്പുമായി അയോധ്യയെ ബന്ധിപ്പിച്ച് ആശങ്കാകുലരാകുന്ന കോണ്‍ഗ്രസ്സ് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതേ ഇല്ലെന്നും മോദി കുറ്റപ്പെടുത്തി.

രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നയം വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അയോധ്യാവിഷയത്തില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് അഭിഭാഷകനും കോണ്‍ഗ്രസ്സ് നേതാവും എംപിയുമായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിയാണ് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്.