ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് വഴിമരുന്നിട്ട് സൗദിയും യുഎഇയും: ഖത്തറിനെതിരായ ഉപരോധം നീങ്ങാനുള്ള സാധ്യത മങ്ങി

single-img
6 December 2017

ഗള്‍ഫ് മേഖലയിലെ അസ്ഥിരതയ്ക്ക് ആഴംകൂട്ടി സൗദി യുഎഇ രാഷ്ട്രീയ, സൈനിക സഖ്യപ്രഖ്യാപനം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് ഇരുരാജ്യങ്ങളുടേയും നടപടി. ഇതോടെ ഖത്തര്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കുവൈറ്റില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി വെട്ടിച്ചുരുക്കി.

ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈന്‍ എന്നിവയും ജിസിസി ഇതര രാജ്യമായ ഈജിപ്തും ചേര്‍ന്നു പ്രഖ്യാപിച്ച ഉപരോധം ഏഴാം മാസത്തിലേക്കു കടക്കുന്നതിനിടെയായിരുന്നു നിര്‍ണായകമായ ജിസിസി ഉച്ചകോടി. അതിനിടെ, അപ്രതീക്ഷിതമായാണു സൗദിയും യുഎഇയും ചേര്‍ന്ന് പ്രത്യേക സഖ്യ പ്രഖ്യാപനമുണ്ടായത്.

ബഹ്‌റൈന്‍ ഇവര്‍ക്കൊപ്പം ചേരുമോ എന്നു വ്യക്തമല്ല. രാഷ്ട്രീയ, സൈനിക, സാമ്പത്തിക, വ്യവസായ, സാംസ്‌കാരിക മേഖലകളില്‍ സൗദിയുമായി സഹകരിക്കുമെന്നാണു യുഎഇയുടെ പ്രഖ്യാപനം. ഖത്തറിനെതിരായ ഉപരോധം നീക്കാനോ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കോ നീക്കമില്ലെന്ന് അടിവരയിടുന്നതാണു തീരുമാനമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഉപരോധത്തിനു പിന്നാലെ ഉടലെടുത്ത പ്രതിസന്ധി പുതിയ സഖ്യപ്രഖ്യാപനത്തോടെ കൂടുതല്‍ രൂക്ഷമാകുകയാണ്. അതേസമയം സൗദി, യുഎഇ, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്മാര്‍ ജിസിസി ഉച്ചകോടിക്ക് എത്തിയതുമില്ല. രണ്ടുദിവസത്തേക്കു നിശ്ചയിച്ച ഉച്ചകോടി ഇതോടെ ഇന്നലെ തന്നെ അവസാനിപ്പിച്ചു.

ആതിഥ്യം വഹിക്കുന്ന കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനു പുറമേ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. രോഗബാധിതനായ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് പ്രതിനിധിയായി ഉപപ്രധാനമന്ത്രിയെ അയച്ചു. മറ്റു രാജ്യങ്ങള്‍ മന്ത്രിമാരെയാണ് ഉച്ചകോടിക്ക് അയച്ചത്.

ആകെ ആറുരാജ്യങ്ങള്‍ മാത്രമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഉള്ളത്. ഇറാനുമായി അടുപ്പം വര്‍ധിപ്പിക്കുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് സൗദിയും മറ്റുമൂന്ന് ജിസിസി രാജ്യങ്ങളും ഖത്തറിനെതിരെ തിരിഞ്ഞത്. ഖത്തര്‍ ഭീകരസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അയല്‍രാജ്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും ആരോപിച്ച് ഗതാഗതനിയന്ത്രണം അടക്കം കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ പ്രതിസന്ധി ഈ മേഖലയില്‍ സാമ്പത്തിക ഏകീകരണം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കും യൂറോപ്പ് ഉള്‍പ്പെടെ രാജ്യാന്തര സമ്പദ്ഘടനയിലും പ്രശ്‌നങ്ങളുണ്ടാക്കും.