ട്രംപിന്റെ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം

single-img
5 December 2017

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിന് കോടതി അനുമതി നല്‍കി. ഇതോടെ ആറു മുസ്ലീം രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വരും.

ഇറാന്‍, ലിബിയ, യെമന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിനു കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി.

എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ നിയമത്തിന്റെ കടമ്പകള്‍ ഇനിയുമുണ്ട്. അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല.

കഴിഞ്ഞ ജനുവരി 27നാണ് ഏഴു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്.