രാഹുല്‍ ഗാന്ധിയുടെ കണക്കു കൂട്ടലുകള്‍ മൊത്തം തെറ്റി

single-img
5 December 2017

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയിനില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ തെറ്റി. വിലക്കയറ്റത്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് തെറ്റ് കടന്നു കൂടിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുംവരെ ദിവസവും പ്രധാനമന്ത്രിയോട് ഒരോ ചോദ്യം ചോദിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയോടുള്ള ഏഴാമത്തെ ദിവസം ചോദ്യത്തിനു പകരം 2004ലെയും 2017ലെയും അവശ്യ വസ്തുക്കളുടെ വിലനിലവാരം താരതമ്യം ചെയ്യുന്നതായിരുന്നു ട്വീറ്റ്.

എന്നാല്‍ ട്വീറ്റില്‍ രാഹുല്‍ നല്‍കിയ ശതമാന കണക്ക് അമ്പേ തെറ്റായിരുന്നു. 2014ല്‍ 414 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് 2017ല്‍ 742 ആയി വര്‍ധിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതേകാര്യം ശതമാനക്കണക്കില്‍ പറയാന്‍ ശ്രമിച്ചതാണ് അബദ്ധമായത്. 79 ശതമാനം എന്ന് പറയുന്നതിന് പകരം 179 ശതമാനം എന്നായിരുന്നു ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഇത് മാത്രമല്ല, എല്ലാ വസ്തുക്കളുടെയും വില 100 ശതമാനം വര്‍ധിപ്പിച്ചാണ് കണക്കു പറഞ്ഞത്. പരിപ്പിന് 77 ശതമാനത്തിന് പകരം 177, തക്കാളിക്ക് 185നു പകരം 285, ഉള്ളിക്ക് 100 ശതമാനത്തിനു പകരം 200, പാലിന് 31ന് പകരം 131 എന്നിങ്ങനെയാണ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമയതോടെ ശതമാന കണക്കുകള്‍ ഒഴിവാക്കി വില വ്യാത്യാസം ഉള്‍പ്പെടുത്തി രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്തു.