ഒരു ഉദ്യോഗസ്ഥന്റെ ‘വീഴ്ച’ പിണറായിയെ ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യനാക്കി; സംഭവിച്ചത് ബോധപൂര്‍വ്വമായ വീഴ്ചയാണോയെന്നും സംശയം

single-img
5 December 2017


തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിട്ടും പിണറായി സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഇതിനിടയിലാണ് കേന്ദ്രത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ലഭിച്ച മുന്നറിയിപ്പ് ഗൗരവത്തോടെ സര്‍ക്കാരിനെ അറിയിക്കുന്നതില്‍ ദുരന്തനിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് വീഴ്ച വരുത്തിയതായി വ്യക്തമായിരിക്കുന്നത്.

ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കാന്‍ അണിയറയില്‍ നടന്നത് ബോധപൂര്‍വ്വമായ വീഴ്ചയാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഉന്നത യു.ഡി.എഫ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഈ ഉദ്യോഗസ്ഥനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ടാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മെമ്പര്‍ സെക്രട്ടറിയാക്കിയത്.

എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഈ പദവിയിലിരിക്കുന്നത് എന്നിരിക്കെയായിരുന്നു ഈ ‘ആശ്രിത’ നിയമനം. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടത് ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിലുള്ള സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആണ്. ഇതിന്റെ തലവനാണ് ശേഖര്‍ കുര്യാക്കോസ്.

വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള വിവരം നല്‍കുന്നതില്‍ ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ വീഴ്ച സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എം.ഡിയില്‍ നിന്നും ഇന്‍കോസില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മുന്നറിയിപ്പുകളില്‍ നിന്നും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

അതേസമയം തങ്ങളുടെ പരാജയം മറച്ചുവയ്ക്കാന്‍ ഈ വക വിവരങ്ങള്‍ സ്ഥിരംകിട്ടുന്നതാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിവെച്ചത്. അതേസമയം മുഖ്യമന്ത്രി ഇത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെ ജനരോഷം പടരുന്നതിന് അതും കാരണമായി.

നേരത്തെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ മെമ്പര്‍ ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറിയായിരുപ്പോള്‍ വകുപ്പു തലവന്‍ കൂടിയായ കമ്മിഷണറാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ശേഖര്‍ മെമ്പര്‍ സെക്രട്ടറിയായതോടെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ വഴിയായിരുന്നു ഓപ്പറേഷന്‍.

സംഭവം നടന്ന ദിവസം കുര്യന്‍ അവധിയിലായിരുന്നു. ദുരന്തനിവാരണ കാര്യത്തിന് അദ്ദേഹം മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ല. സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനും റവന്യൂ മന്ത്രി വൈസ് ചെയര്‍മാനുമായ അതോറിറ്റിയില്‍ ചീഫ് സെക്രട്ടറി, ഹോം, റവന്യൂ സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. ദുരന്തനിവാരണത്തില്‍ വിദഗ്ദ്ധരായ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല. ചുരുക്കത്തില്‍ ഈ കമ്മിറ്റിയില്‍ വിഷയവുമായി ബന്ധമുള്ളത് ശേഖറിനു മാത്രമായിരുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട്: കൗമുദി