മത്സരം ഇന്ത്യയ്ക്ക് അനുകൂലമായിരിക്കെ വീണ്ടും മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍: ഗ്രൗണ്ടില്‍ ചര്‍ദ്ദിച്ച് ലക്മല്‍

single-img
5 December 2017



ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റിലെ നാലാം ദിനത്തിലും മാസ്‌ക് ധരിച്ച് ഫീല്‍ഡിങ്ങിനിറങ്ങി ശ്രീലങ്കന്‍ താരങ്ങള്‍. ഒന്നാം ഇന്നിങ്‌സില്‍ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനാല്‍ കളി പല തവണ തടസ്സപ്പെട്ടിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

എന്നാല്‍ ഇന്ന് തലസ്ഥാന നഗരിയില്‍ തുടരുന്ന മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഫീല്‍ഡിങ്ങിനിറങ്ങിയ ലങ്കന്‍ പടയില്‍ നിന്നും സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ചര്‍ദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ ലങ്കക്ക് വേണ്ടി 164 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമല്‍ ബാറ്റ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ലെങ്കിലും ഫീല്‍ഡിങ്ങിന് മാസ്‌കണിഞ്ഞാണ് എത്തിയത്. വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലയാണ് ഇത് വരെ മലിനീകരണം പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കാത്ത ലങ്കന്‍ താരം.

അതേസമയം മത്സരം ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുന്ന സ്ഥിതിയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ബോധപൂര്‍വ്വം കളി വൈകിപ്പിക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ മാസ്‌ക് വക്കുകയും കളി വൈകിപ്പിക്കുകയും ചെയ്ത ലങ്കയുടെ തന്ത്രം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നായകന്‍ വിരാട് കൊഹ്‌ലിയെ ഏതുവിധേനയും തടയുക മാത്രമായിരുന്നു ഈ പുക നാടകത്തിന് പിന്നിലെന്നാണ് സെവാഗിന്റെ നിരീക്ഷണം. ‘അത് മുഴുവന്‍ വിരാട് കൊഹ്‌ലിക്കെതിരായ തന്ത്രമായിരുന്നു.

ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കൊഹ്‌ലിയെ എങ്ങനെയും പിടിച്ചുകെട്ടുകയായിരുന്നു അവരുടെ ലക്ഷ്യം.’ സെവാഗ് പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം ശ്വാസംമുട്ടിക്കുമെന്ന് തോന്നിയിരുന്നെങ്കില്‍ അവര്‍ക്ക് രണ്ടു ദിവസം മുമ്പ് തന്നെ ബിസിസിഐയോടെ മത്സരം മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടാമായിരുന്നു.

എന്നാല്‍ കൊഹ്‌ലിയുടെ അസാധ്യ പ്രകടനത്തോടെയാണ് അവര്‍ ഈ തന്ത്രം പുറത്തെടുത്തത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ മാസ്‌ക് അണിഞ്ഞിരുന്ന ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചില്ലെന്നും സെവാഗ് ചോദിച്ചു. ഇന്ത്യ ഡിക്ലയര്‍ ചെയ്തപ്പോഴേക്കും ഡല്‍ഹിയിലെ മലിനീകരണം പൊടുന്നനെ കുറഞ്ഞോയെന്നും സെവാഗ് ചോദിക്കുന്നു.

ലങ്ക ഇത് ആദ്യമായല്ല നെറികേട് കാണിക്കുന്നതെന്നും സെവാഗ് ചൂണ്ടിക്കാട്ടി. 2010 ല്‍ നടന്ന സംഭവം ഇതിന് ഉദാഹരണമായി താരം പറഞ്ഞു. അന്ന് 99 റണ്‍സുമായി താന്‍ ആയിരുന്നു ക്രീസില്‍. ഇന്ത്യക്ക് ജയിക്കാനാണെങ്കില്‍ ഒരു റണ്‍സ് മാത്രവും. ആ സമയം തന്റെ സെഞ്ച്വറി ഒഴിവാക്കാന്‍ അവര്‍ നോബോള്‍ എറിഞ്ഞ് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നുവെന്നും സെവാഗ് പറഞ്ഞു. ഇതുപോലുള്ള പെരുമാറ്റം മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും സെവാഗ് ആവശ്യപ്പെട്ടു.