അതാണ് വിഎസ്: ആശ്വാസവാക്കുകളുമായി എത്തിയപ്പോള്‍ ഇടഞ്ഞു നിന്ന മത്സ്യത്തൊഴിലാളികള്‍ ശാന്തരായി: വിഎസ് പറഞ്ഞതെല്ലാം കേട്ടു

single-img
4 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍ പൂന്തുറയിലെത്തി. മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാര്‍ക്ക് നേരെയുണ്ടായ പ്രതിഷേധമൊന്നും വിഎസ് എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല.

മല്‍സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ദുഃഖിതരാണെന്നു മനസിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്കു വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. അതു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്നും വിഎസ് പറഞ്ഞു.

നേരത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും നേരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും തിരിച്ചുപോകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു വി എസിന്റെ സന്ദര്‍ശനം. അതേസമയം ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിലെ തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തി.

കഴിഞ്ഞ ദിവസം കന്യാകുമാരി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തിയത്. മത്സ്യതൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ ദുരിതബാധിത മേഖല സന്ദര്‍ശിച്ച് ജനങ്ങളോട് പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ആധുനിക സംവിധാനമാണ് ഉപയോഗിക്കുന്നത്. കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. തീര പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി.