കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം: കോണ്‍ഗ്രസുകാരുടെ ഡാര്‍ലിംഗ് ആണ് രാഹുല്‍ ഗാന്ധിയെന്ന് മന്‍മോഹന്‍

single-img
4 December 2017



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തെത്തി വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 93 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

മന്‍മോഹന്‍ സിംഗിനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കേരളത്തില്‍ നിന്ന് എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പത്രിക സമര്‍പ്പിക്കാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് പ്രിയങ്കരനെന്നും കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപ്തനെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു.

രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 വര്‍ഷം സോണിയ ഗാന്ധിയായിരുന്നു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത്. കോണ്‍ഗ്രസിന്റെ അധികാര കാലഘട്ടത്തിലെ മറ്റൊരു അധ്യായമായിരിക്കും രാഹുലിന്റേത്. കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുല്‍ പ്രാപ്തനാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

രാവിലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരെ സന്ദര്‍ശിച്ചതിന് ശേഷമാണ് രാഹുല്‍ ഗാന്ധി എ.ഐ.സി.സി ഓഫീസിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. രാഹുലിന്റെ നാമനിര്‍ദേശ പത്രികയെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സോണിയ ഗാന്ധി കോണ്‍ഗ്രസിനെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. അവരുടെ നേതൃത്വത്തിനു കീഴില്‍ പല വിജയങ്ങളും പാര്‍ട്ടി നേടി. ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധിയില്‍ എത്തിച്ചേരുകയാണൊയിരുന്നു മുതിര്‍ന്ന നേതാവ് കരണ്‍ സിംഗിന്റെ പ്രതികരണം.

ഒരു ബിജെപി നേതാവും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കമല്‍നാഥ് പറഞ്ഞു. ബാലറ്റ് പ്രക്രിയയിലൂടെയാണോ നിതിന്‍ ഗഡ്കരി തെരഞ്ഞെടുക്കപ്പെട്ടത്. അതിന് അവര്‍ ആദ്യം മറുപടി പറയട്ടെയെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മികച്ച പ്രധാനമന്ത്രിയുമായിരിക്കുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.

വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് വരെയാണ് പത്രിക നല്‍കാന്‍ സമയം. ഈ മാസം 11 വരെ പിന്‍വലിക്കാനും സമയമുണ്ട്. വോട്ടെടുപ്പ് വേണ്ടിവന്നാല്‍ 16ന് നടത്തും. 19ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും. എന്നാല്‍ രാഹുല്‍ ഒഴികെ മറ്റാരും പത്രിക സമര്‍പ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ 11ന് തന്നെ ഫലപ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.