പാര്‍ട്ടി പരിപാടിയിലേക്ക് ആളെക്കൂട്ടാന്‍ ഉച്ചഭക്ഷണമെന്ന പേരില്‍ നല്‍കിയത് മദ്യവും പണവും: വീഡിയോ പുറത്തായതോടെ നേതാക്കള്‍ പുലിവാല് പിടിച്ചു

single-img
4 December 2017

കോയമ്പത്തൂര്‍: പാര്‍ട്ടി പരിപാടിയിലേക്ക് ആളെ എത്തിക്കുന്നതിന് മദ്യവും പണവും വിതരണം ചെയ്ത് പുലിവാല് പിടിച്ച് എ.ഐ.എ.ഡി.എംകെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് എഐഎഡിഎംകെ. പ്രതിരോധത്തിലായത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ എംജിആര്‍. ശതവാര്‍ഷികാഘോഷ പരിപാടിയിലേക്ക് ആളെ എത്തിക്കുന്നതിനാണ് മദ്യവും പണവും വിതരണം ചെയ്തത്.

പാര്‍ട്ടി എംഎല്‍എയായ ആര്‍.കനകരാജന്റെ നേതൃത്വത്തിലായിരുന്നു സംഭവം. എന്നാല്‍ തങ്ങള്‍ മദ്യത്തിന്റെ പെട്ടിയില്‍ ഉച്ചഭക്ഷണമാണ് വിതരണം ചെയ്തതെന്നും യാത്രാചിലവിനുള്ള പണമാണ് നല്‍കിയതെന്നുമാണ് ആര്‍.കനകരാജിന്റെ വിശദീകരണം.

പാര്‍ട്ടി സ്ഥാപകനായ എംജിആറിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി പങ്കെടുക്കുന്ന നിരവധി പരിപാടികളുണ്ടായിരുന്നു. ഈ പരിപാടികളിലേക്കാണ് സുളൂര്‍ എംഎല്‍എയായ കനകരാജ് ആളെ കൂട്ടാന്‍ മദ്യവും പണവും വിതരണം ചെയ്തതെന്നാണ് ആരോപണം.

ഓരോരുത്തരുടേയും പേരും വിവരങ്ങളും കൃത്യമായി രജിസ്റ്റര്‍ ചെയ്താണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പണത്തിന്റെയും മദ്യത്തിന്റേയും കൈമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.ടി.വി ദിനകരന്‍ പണം ഉപയോഗിച്ച് അട്ടിമറിക്കുമെന്ന് വാദിച്ചിരുന്ന എഐഎഡിഎംകെ ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.

നേരത്തെ വോട്ടര്‍മാര്‍ക്ക് പണവും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.