മാതൃക കാട്ടി ഇന്നസെന്റ് എം.പി: രണ്ടു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്

single-img
4 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടനും എംപിയുമായ ഇന്നസെന്റ്. പാര്‍ലമെന്റംഗം എന്ന നിലയിലുള്ള തന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്നസെന്റ് അറിയിച്ചു.

തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും റോഡുകളും കടല്‍ഭിത്തിയും നന്നാക്കുന്നതിനുമുള്‍പ്പെടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കടല്‍ക്ഷോഭം മൂലം വീടുകള്‍ തകര്‍ന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചും കൊടുങ്ങല്ലൂര്‍ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.

എറിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. 12000 കുപ്പി വെള്ളം ഇതിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞെന്നും അടിയന്തര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തില്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.