ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

single-img
4 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും.

ദുരന്തത്തിന്റെ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡിസംബര്‍ 8ന് ആണ് കേരള രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നത്. മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതേസമയം രാജ്യാന്തര ചലചച്ചിത്ര മേളയില്‍ പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍കൂടി അനുവദിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തീയേറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഇന്നുകൂടി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തെ 2700ലെറെ വരുന്ന അക്ഷയ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും. ഓഖി ചുഴലിക്കാറ്റില്‍ 30ഓളം പേരാണ് ഇതുവരെ മരിച്ചത്. ഇനിയും 90ഓളം പേരെ രക്ഷപ്പെടുത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരമാന്‍ ദുരിത ബാധിത മേഖല സന്ദര്‍ശിച്ചിരുന്നു.