ഓഖി ചുഴലിക്കാറ്റ്: കൃത്യമായ മുന്നറിയിപ്പ് കൊടുക്കാനായില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം: നുണപ്രചരിപ്പിച്ച മാധ്യമങ്ങള്‍ നാണംകെട്ടു

single-img
3 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. യോഗത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പങ്കെടുത്തു. രക്ഷാപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഓക്കി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗശേഷം പറഞ്ഞു.

ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സര്‍ക്കാരിനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ വൈകിയെന്ന് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ അന്‍പത് വര്‍ഷമായി കേരളത്തില്‍ ചുഴലിക്കാറ്റുണ്ടായിട്ടില്ലെന്നും ചുഴലിക്കാറ്റുണ്ടായ 30ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതെന്നും കണ്ണന്താനം പറഞ്ഞു.

മുന്നറിയിപ്പ് ലഭിക്കും മുന്‍പേ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിരുന്നു. മുന്നറിയിപ്പ് സംബന്ധിച്ച അറിയിപ്പുകളെല്ലാം താന്‍ പരിശോധിച്ചു. ചുഴലിക്കാറ്റിന്റെ ദിശ സംബന്ധിച്ച് കൃത്യമായ പ്രവചനം നടത്തുക സാധ്യമല്ലായിരുന്നു. കേരളതീരത്ത് ചുഴലിക്കാറ്റടിക്കും എന്ന് കരുതിയതല്ല.

മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ ഗതിമാറ്റത്തിനൊടുവിലാണ് ചുഴലിക്കാറ്റ് കേരളതീരത്തേക്ക് ആഞ്ഞടിച്ചത്, കണ്ണന്താനം വിശദീകരിച്ചു. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും കണ്ണന്താനം പറഞ്ഞു.

നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട്. നാവികവ്യോമസേനകള്‍ ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരൊറ്റ ദിവസം കൊണ്ട് തന്നെ 395 പേരെ രക്ഷപ്പെടുത്തി. എല്ലാ ഏജന്‍സികളും കൂടി ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്. കടലില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലെ അപൂര്‍വ്വ സംഭവമാണിത്. കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇതെല്ലാം സാധ്യമായതെന്നും ഇനിയുള്ള മണിക്കൂറുകളിലും ഇതേ രീതിയില്‍ രക്ഷാപ്രവര്‍ത്തം മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിലെ ചുഴലിക്കാറ്റ് ജാഗ്രതാവിഭാഗം തലവന്‍. എല്ലാ ചുഴലിക്കാറ്റുകളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതല്ലെന്നും ഓഖി ചുഴലിക്കാറ്റ് അത്തരത്തിലൊന്നാണെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു.

ലഭ്യമായ സൂചനകള്‍ വിശകലനം ചെയ്ത് വ്യാഴാഴ്്ച പകല്‍ 11.45നാണ് ആദ്യ ജാഗ്രതാനിര്‍ദേശം നല്‍കാനായത്. ഇതിനുമുമ്പ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശിയ ലൈല, ഹുദ്ഹുദ്, ഫൈലിന്‍ ചുഴലിക്കാറ്റുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഓഖി. ഈ മൂന്നു ചുഴലിക്കാറ്റും നാലഞ്ചു ദിവസങ്ങള്‍ക്കുമുമ്പ് പ്രവചിക്കാന്‍ കഴിഞ്ഞിരുന്നു. കൃത്യമായ ഗതി നിര്‍വചിക്കാനും അപകടമേഖല കണ്ടെത്തി ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞിരുന്നുവെന്നും മോഹപത്ര ചൂണ്ടിക്കാട്ടി.