വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ് ഒറ്റപ്പെട്ട സ്ഥിതിയില്‍: കപ്പല്‍, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി; വ്യാപക നാശനഷ്ടം

single-img
2 December 2017

ലക്ഷദ്വീപ്: ലക്ഷദ്വീപില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 145 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കനത്ത കാറ്റില്‍ ലക്ഷദ്വീപിലെ ലൈറ്റ് ഹൗസിന് തകരാര്‍ സംഭവിച്ചു. മിനിക്കോയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി.

കല്‍പേനിയില്‍ ഹെലിപാഡ് വെള്ളത്തിനടിയിലായി. അഞ്ച് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടിനെക്കുറിച്ച് ഒരു വിവരവുമില്ല. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസും നിര്‍ത്തി വച്ചു. കൊച്ചിയില്‍ നിന്നും പോവേണ്ട എംവി കവരത്തിയും ബേപ്പൂരില്‍ നിന്നും പോവേണ്ട എംവി മിനിക്കോയും റദ്ദാക്കി.

വിമാന സര്‍വീസും നിര്‍ത്തിയതോടെ ദ്വീപ് ഒറ്റപ്പെട്ട സ്ഥിതിയിലാണ്. സാധ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചതായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. തീരപ്രദേശത്തു നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കല്‍പേനിയില്‍ നിന്ന് മാത്രം 167 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇന്ന് 190 കി.മീ. വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്. കല്‍പേനിയില്‍ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു.

ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും.

വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിവയ്ക്കു നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.