മിന്നലാക്രമണം പോലെ വേറെയും മാര്‍ഗങ്ങളുണ്ടെന്ന് കരസേനാ മേധാവി: ‘ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തതയുണ്ടാകും’

single-img
2 December 2017

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശത്രുക്കള്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തതയുണ്ടാകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ”അതിര്‍ത്തി നിയന്ത്രണ രേഖ കടന്നുള്ള ആക്രമണങ്ങള്‍ക്ക് സൈന്യത്തിനു മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

ഇന്ത്യന്‍ സേന ഒരിക്കല്‍ അവലംബിച്ച മാര്‍ഗം ആവര്‍ത്തിക്കാറില്ല. അതില്‍ പുതുമയൊന്നുമില്ല. ശത്രുഭാഗത്തുള്ളവര്‍ക്ക് ഊഹിക്കാന്‍ പോലുമാകാത്ത വിധത്തില്‍ പുതിയ രീതിയിലുള്ള ആക്രമണത്തിന് പദ്ധതിയിട്ട് നടപ്പിലാക്കുകയാണ് ചെയ്യുക” റാവത്ത് വിശദീകരിച്ചു.

പുണെയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് സൈനിക നടപടികളെക്കുറിച്ച് ബിപിന്‍ റാവത്ത് മനസ്സു തുറന്നത്. മണിപ്പൂരില്‍ 18 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതിന് മറുപടി നല്‍കേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് വ്യക്തമാക്കി.

ഏറെക്കാലമായി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ കേഡര്‍ റിവ്യൂ സംവിധാനം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തില്‍ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേര്‍ക്ക് മാത്രമാണ് ടു സ്റ്റാര്‍ റാങ്ക് കിട്ടുന്നതെന്നും റാവത്ത് ചൂണ്ടിക്കാട്ടി.