രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതിനെ പരിഹസിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി

single-img
30 November 2017


രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ പരിഹസിച്ച് മഹാരാഷ്ട്ര പാര്‍ട്ടി സെക്രട്ടറി ഷെഹ്‌സാദ് പൂനാവല്ല. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെറും തെരഞ്ഞെടുക്കല്‍ മാത്രമാണെന്നും കുടുംബപ്പേരുകള്‍ക്കാണ് ഇവിടെ സ്ഥാനം നല്‍കുന്നതെന്നും പൂനാവല്ല പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയുടെ വിമര്‍ശനം. യഥാര്‍ത്ഥ തെരഞ്ഞെടുപ്പായിരുന്നെങ്കില്‍ താന്‍ മത്സരിക്കുമായിരുന്നുവെന്നും എന്നാല്‍ കൃത്രിമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും പൂനാവല്ല പറഞ്ഞു.

സത്യസന്ധമായ തെരഞ്ഞെടുപ്പിനെ നേരിട്ടാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരെയും മറ്റു പ്രതിനിധികളെയും വളരെ ശ്രദ്ധാപൂര്‍വം നിയമിച്ചതാണെന്നും അവര്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരാണെന്നും പൂനാവല്ല ആരോപിച്ചു.

കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന നിയമം കോണ്‍ഗ്രസില്‍ നടപ്പാക്കണം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ ഓരോ വിഷയത്തിലും തങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നുള്ള ടെലിവിഷന്‍ സംവാദത്തിന് തയ്യാറാകണം. കുടുംബപ്പേരുകളുടെ അകമ്പടിയില്ലാതെ അത്തരമൊരു സംവാദത്തിന് തയ്യാറാണോ എന്നും അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചു.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നുള്ള തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാഹുലിന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.