ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി സംസാരിച്ചു

single-img
30 November 2017

കോയമ്പത്തൂര്‍: ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ഫോണില്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ പ്രിന്‍സിപ്പല്‍ ഡോ. ജി. കണ്ണന്റെയും പൊലീസിന്റെയും അനുമതിയോടെയാണ് ഫോണില്‍ സംസാരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെത്തിയ ഉടന്‍ ഷഫിന്‍ ജഹാനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കണക്ഷന്‍ കിട്ടിയിരുന്നില്ല.

അതേസമയം ഹാദിയയ്ക്ക് ആരെയെങ്കിലും കാണുന്നതിനോ സംസാരിക്കുന്നതിനോ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഹാദിയയെ കാണാന്‍ ഷഫിന്‍ ജഹാന്‍ അടുത്ത ദിവസം സേലത്ത് എത്തുമെന്നാണ് സൂചന.

ഹാദിയ ആഗ്രഹിക്കുന്നവരെ കാമ്പസില്‍വെച്ച് കാണാന്‍ അനുമതി നല്‍കുമെന്നും എന്നാല്‍, മുന്‍കൂട്ടി അനുവാദം വാങ്ങണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഷെഫിനുമായി സംസാരിച്ച ശേഷം ഹാദിയ വളരെ പ്രസന്നവദയായി കാണപ്പെട്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

ഹോസ്റ്റലുകളില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ടാകുമെന്നും എന്നാല്‍ മൊബൈല്‍ ഫേണ്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഷഫിന്‍ ജഹാനെ കാണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ പൊലീസിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഹോസ്റ്റലില്‍ നിലവില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍, ഒരു വനിത ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷ ഡ്യൂട്ടിയിലുള്ളത്. ബുധനാഴ്ച രാവിലെ ഹാദിയ കോളേജിലേക്ക് പോയിരുന്നുവെങ്കിലും ക്ലാസില്‍ ഹാജരായില്ല. പൊലീസ് സംഘവും ഹാദിയയെ അനുഗമിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലേക്ക് ഹാദിയയുടെ അപേക്ഷയും മറ്റും അയച്ചത്. സര്‍വകലാശാലയുടെ അനുമതി ലഭ്യമാവുന്നതോടെ കോഴ്‌സില്‍ ചേരാന്‍ സാധിക്കും. അതേസമയം ഹാദിയ മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോളേജ് രേഖകളില്‍ അഖില അശോകന്‍ എന്ന പേരിന് പകരം ഹാദിയ എന്നാക്കി മാറ്റാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

കോളജില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ശൂരമംഗലത്തെ ഹോസ്റ്റലിലാണ് ഹാദിയ ഇപ്പോള്‍. നിലവില്‍ ഇവിടെ 114 വിദ്യാര്‍ഥികളാണുള്ളത്. ഹോസ്റ്റലില്‍ ഹാദിയക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. മതം മാറിയതിനു ശേഷം നാഗര്‍കോവിലില്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു.