മഹാരാഷ്ട്രയില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

single-img
29 November 2017

പൂനെ: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കും വധശിക്ഷ വിധിച്ചു. പുനെ അഹമദ്നഗറിലെ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നിര്‍മാണ തൊഴിലാളികളായ ജിതേന്ദര്‍ ഷിന്‍ഡെ, സന്തോഷ് ജി.ഭാവല്‍, നിതിന്‍ ഭൈലൂം എന്നിവരെയാണ് ശിക്ഷിച്ചത്.

മാനഭംഗം, കൊലപാതകക്കുറ്റം എന്നിവ ചുമത്തിയാണ് ഷിന്‍ഡെയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ രണ്ട് കുറ്റങ്ങള്‍ക്ക് കൂട്ടുനിന്നത് കൂടാതെ കുറ്റം ചെയ്യാന്‍ ഷിന്‍ഡെയെ പ്രേരിപ്പിച്ചതിനുമാണ് ഭാവലിനും ഭൈലൂമിനും വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലായ് 13നാണ് മഹാരാഷ്ട്രയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ മാനഭംഗം നടന്നത്. പൂനെയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കോപാര്‍ഡിയിലാണ് സംഭവം നടന്നത്. മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് മടങ്ങി വരുന്നതിനിടെ രാത്രിയില്‍ പെണ്‍കുട്ടിയെ മൂന്നു പ്രതികളും പതിയിരുന്ന് ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.

ഇതിനു ശേഷം ഷിന്‍ഡെ സുഹൃത്തുകളെ വിളിച്ചു വരുത്തുകയും പെണ്‍കുട്ടിയുടെ വീടിനു സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ക്രൂരമായി ദേഹോപദ്രവവും ഏല്‍പ്പിച്ചു. മുടി പറിച്ചെടുക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തിരുന്നു. മേലാസകലം മര്‍ദനമേറ്റ പാടുകളും തോളെല്ല് പൊട്ടിയ നിലയിലുമായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.