തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

single-img
29 November 2017

 

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറയ്ക്കു സമീപമുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ എറണാകുളം സ്വദേശികളായ റോയി (45), ഭാര്യ ഗ്രേസ് (41) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേക്കും രണ്ടുപേരുടെയും ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. റോയിയും കുടുംബവും നാലാഞ്ചിറ പനയപ്പള്ളി റോഡിലെ 120-ാം നമ്പര്‍ വീട്ടിലാണു വാടകയ്ക്കു താമസിച്ചിരുന്നത്.

താഴത്തെ നിലയിലാണു കാനറ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായ വീട്ടുടമസ്ഥന്‍ താമസിച്ചിരുന്നത്. റോയി മണ്ണന്തലയില്‍ സ്വകാര്യ ജോബ് കണ്‍സല്‍റ്റന്‍സി നടത്തുകയായിരുന്നു. ഇതുവഴി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ റോയിക്കെതിരെ കേസുണ്ടെന്നും പോലീസ് പറയുന്നു. സിറ്റി ഷാഡോ പോലീസ് സംഭവം നടക്കുന്നതിന് അര മണിക്കൂറു മുമ്പ് സ്ഥലത്തെത്തി വിവരം തിരക്കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

പോലീസ് മടങ്ങിയതിനു തൊട്ടു പിന്നാലെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരാണു വിവരം പോലീസിനെ അറിയിച്ചത്. പാചകവാതക സിലിണ്ടറില്‍നിന്നാണു തീ പടര്‍ന്നതെന്നു പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ക്കു രാത്രി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നു രാവിലെ ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മൃതദേഹങ്ങള്‍ മാറ്റി.