നെഹ്‌റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കുന്നു: വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കെന്നു സൂചന

single-img
28 November 2017

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനിരിക്കെ ബിജെപി എംപിയും മനേക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹങ്ങള്‍. ബിജെപി നേതൃത്വവുമായി അകന്നുകഴിയുന്ന വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന സൂചനയുള്ളതായി ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

35 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെഹ്രു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുണ്‍ ഗാന്ധിയെ ബിജെപി അടുത്ത കാലത്തായി തഴയുന്നതായും മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിന്റെ പ്രതികരണമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ഹാജി ജമാലുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു.

മോദിയെ വിമര്‍ശിച്ച ഫലമാണ് വരുണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഹാജി ജമാലുദ്ദീന്‍ പറയുന്നു. അതേസമയം ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ കരുത്തനായ യുവനേതാവ് വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക് പോകുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

ബിജെപി സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ നിന്ന് ഏറെ നാളുകളായി വരുണ്‍ വിട്ടു നിന്നിരുന്നു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമല്ലെന്ന് കരുതുന്ന വരുണ്‍ കളം മാറ്റി ചവിട്ടുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിക്കും മോദിയുടെ ഭരണത്തിനുമെതിരെ പരസ്യമായി രംഗത്തെത്തിയ ചുരുക്കം ബിജെപി നേതാക്കളില്‍ ഒരാളാണ് വരുണ്‍ ഗാന്ധി.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനിടെ പല ബിജെപി നേതാക്കളും വരുണിന്റെ പേര് നിര്‍ദേശിച്ചിരുന്നുവെങ്കിലും ബിജെപി ഇത് ചെവിക്കൊണ്ടിരുന്നില്ല എന്ന് ഹാജി ജമാലുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍ഡ് സീറ്റുകള്‍ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. യോഗിയ്ക്ക് വേണ്ടി വരുണിനെ തഴയുകയായിരുന്നുവെന്ന് നേരത്തെയും ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം മൂലമാണ് വരുണ്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കിലും രാഹുലും വരുണും ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തുകയോ പരസ്യമായി ആക്രമിക്കുകയോ ചെയ്യാറില്ല. ഇതെല്ലാം വരുണിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുകല ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ വരുണ്‍ ഗാന്ധിയ്ക്ക് ഫിലിബിത് ലാഖിപൂര്‍ ഖിരി എന്നിവിടങ്ങളില്‍ നല്ല സ്വാധീനമാണുള്ളത്. യുപിയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വരുണ്‍ ഗാന്ധിയുടെ പ്രവേശനം എന്തുകൊണ്ടും ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു.