അഖില ഹാദിയയെയിട്ട് വടംവലിക്കുന്നവര്‍ക്കാണ് ഭ്രാന്തെന്ന് രാഹുല്‍ ഈശ്വര്‍: കോടതി വിധി എസ്ഡിപിഐ സംഘപരിവാര്‍ തീവ്രവാദ വിഭാഗക്കാര്‍ക്ക് കിട്ടിയ തിരിച്ചടി

single-img
28 November 2017

ഇന്ത്യന്‍ ജുഡീഷ്യറിയുടെ നിര്‍ണായകമായ വിധി ന്യായങ്ങളില്‍ ഒന്നാണ് ഇന്നലെ ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് രാഹുല്‍ ഈശ്വര്‍. ഹാദിയ കേസിലെ വിധിയെ കുറിച്ച് ‘ഇവാര്‍ത്ത’യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

എസ്ഡിപിഐ സംഘപരിവാര്‍ തീവ്രവാദ വിഭാഗക്കാര്‍ക്ക് കിട്ടിയ തിരിച്ചടിയാണ് ഈ വിധി. അഖില ഹാദിയയുടെ പേരുംപറഞ്ഞ് മറ്റുള്ളവര്‍ക്ക് ഇനി അടികൂടാന്‍ പറ്റില്ല. കേസ് ഇനിയും തുടര്‍ന്നുപോകുമെങ്കിലും അഖിലക്ക് പഠിക്കാനും മറ്റും സ്വാതന്ത്ര്യം കിട്ടിയല്ലോ എന്നും രാഹുല്‍ പറഞ്ഞു.

ഈ കേസ് ഹിന്ദു മുസ്ലിം പ്രശ്‌നമല്ല. ഒരു കുടുംബത്തിനുള്ളില്‍ നടക്കുന്ന കാര്യം മാത്രമാണ്. അഖില ഹാദിയക്ക് ഭ്രാന്തുണ്ടെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞവര്‍ക്കാണ് ഭ്രാന്തെന്നും രാഹുല്‍ പറഞ്ഞു. ‘അഖില ഹാദിയയെയിട്ട് വട്ടം വലിക്കുന്ന നമുക്കാണ് ഭ്രാന്ത്, മതഭ്രാന്ത്’ എന്നും രാഹുല്‍ പറഞ്ഞു.

മിതവാദ സമീപനത്തിലേക്ക് ഈ കേസ് വന്നുവെന്നതാണ് ഈ കേസിലെ പോസിറ്റീവ് കാര്യം. തീവ്ര സ്വരക്കാരായ ആളുകള്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നു എന്നു പറയുന്നത് അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ്.

ബോധപൂര്‍വ്വം ബാലന്‍സ് ചെയ്യാന്‍ വേണ്ടിയാണ് ഹാദിയയെ ‘അഖില ഹാദിയ’ എന്ന് താന്‍ വിളിക്കുന്നതെന്നും സംഭാഷണത്തിനിടെ രാഹുല്‍ പറഞ്ഞു. സുപ്രീംകോടതിയും കേസ് പരിഗണിക്കുന്നതിനിടെ ‘അഖില’ എന്നാണ് വിളിച്ചത്. അഖില ഹാദിയ എന്ന പേര് വിളിച്ചില്ലെങ്കില്‍ ഇതിന്റെ പേരില്‍ മുതലെടുപ്പിനു നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

അഖില ഹാദിയക്ക് വേണ്ടി ഇടപെട്ടതിന് തനിക്ക് വധഭീഷണിയുണ്ടായെന്നും ഇതുസംബന്ധിച്ച് എഡിജിപിക്കും കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന സൂചനയും രാഹുല്‍ നല്‍കി. അഖില ഹാദിയയെ പിതാവ് തല്ലുന്നു എന്ന കാര്യം സത്യമാണെന്നും അച്ഛന്‍ അവരെ ചവിട്ടിയിട്ടുണ്ടെന്നും രാഹുല്‍ സമര്‍ത്ഥിച്ചു.