ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ്

single-img
28 November 2017

തിരുവനന്തപുരം: ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതിന് വിജിലന്‍സ് മുന്‍ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവ്. അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ എഴുതിയതിനാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. വകുപ്പുതല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആത്മകഥ എഴുതിയത് ചട്ടം ലംഘിച്ചാണെന്ന് മൂന്നംഗ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ആത്മകഥയില്‍ 14 ഇടത്ത് ചട്ടലംഘനമുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. നേരത്തെ ആത്മകഥ എഴുതാന്‍ ജേക്കബ് തോമസ് അനുമതി ചോദിച്ചിരുന്നുവെങ്കിലും അത് ലഭിച്ചിരുന്നില്ല.

2016 ഒക്ടോബറിലാണ് അനുമതി ചോദിച്ചത്. എന്നാല്‍ ഉളളടക്കം ഹാജരാക്കണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാത്തത് കാരണം അനുമതി നല്‍കിയില്ലെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യാനിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ അദ്ദേഹം ആ ചടങ്ങില്‍ നിന്നും പിന്മാറുകയായിരുന്നു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതും പുസ്തകം വിവാദമായതുമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രകാശന ചടങ്ങില്‍ നിന്നും പിന്മാറിയത്. പുസ്തകത്തില്‍ സി.ദിവാകരന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശമുളളതിനാല്‍ പുസ്തക പ്രകാശനത്തില്‍നിന്ന് പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിന്മാറിയതോടെ ചടങ്ങു റദ്ദാക്കിയതായി ജേക്കബ് തോമസ് അറിയിച്ചു. ഇതിനു പിന്നാലെ ”നേരിട്ട വെല്ലുവിളികള്‍ കാര്യവും കാരണവും” എന്ന രണ്ടാമത്ത പുസ്തകം പ്രസിദ്ധീകരിക്കാനും അനുമതി തേടിയിരുന്നു. എന്നാല്‍ അതും സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1966ലെ പൊലീസ് ഫോഴ്‌സ് റെസ്ട്രിക്ഷന്‍സ് ആക്ടിലെ വകുപ്പ് മൂന്നു പ്രകാരം അനുവദനീയമല്ലെന്ന് ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിനും റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.