ഹാദിയയുടെ യാത്ര: നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഹാദിയയെ തിരിച്ചു കിട്ടാനുള്ള യുദ്ധത്തില്‍ വിജയിച്ചുവെന്ന് ഷെഫിന്‍ ജഹാന്‍

single-img
28 November 2017

ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിയ കോടതി നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ ഹാദിയയെ വിമാനമാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും റോഡ് മാര്‍ഗ്ഗം സേലത്തേക്കും പോകും. ഹാദിയയെ സേലത്ത് എത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവ് പാലിക്കണം. നടപടികള്‍ വൈകരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. ഹാദിയയുമായി ബന്ധപ്പെട്ട മതം മാറ്റ കേസില്‍ ഇന്നലെ വിധി പറഞ്ഞ കോടതി ഹാദിയ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ പഠനം തുടരട്ടെ എന്നായിരുന്നു പറഞ്ഞത്.

ദില്ലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹാദിയ സുരക്ഷാ സംഘത്തിനൊപ്പം കോയമ്പത്തൂരിലേയ്ക്ക് പോകുമെന്നാണ് സൂചന. കോളേജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റു വിദ്യാര്‍ഥികളെ പോലെ മാത്രമേ ഹാദിയക്ക് ലഭ്യമാകൂ. എന്നാല്‍ ഹാദിയക്ക് ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല.

സഞ്ചാരസ്വാതന്ത്ര്യം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം സാധ്യമാകുമെന്നും കണ്ടറിയണം. ഹാദിയെ കാണുന്നതില്‍ നിന്ന് സന്ദര്‍ശര്‍ക്ക് വിലക്കില്ല. എന്നാല്‍, ഷെഫിന്‍ ജഹാനെ കാണാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയില്ല. ഹോസ്റ്റലില്‍പോയി കാണുന്നതിനെ കുറിച്ച് നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷെഫിന്‍ ജഹാന്റെ പ്രതികരണം.

ഭാര്യയെ തിരിച്ചു കിട്ടാനുള്ള യുദ്ധത്തില്‍ വിജയം കൈവരിച്ചു. ഹാദിയയെ കാണുന്നതില്‍ ഒരു തടസവും കോടതി ഉന്നയിച്ചിട്ടില്ല. അതിനാല്‍ എത്രയും നേരത്തെ സേലത്തെ കോളജില്‍ ചെന്ന് ഹാദിയയെ കാണും. താന്‍ ഭര്‍ത്താവാണ് എന്നത് അവള്‍ വീണ്ടും ഉറപ്പിച്ചതില്‍ സന്തുഷ്ടനാണ്.

മാസങ്ങളായി വീട്ടില്‍ പീഡനങ്ങള്‍ക്കിരയാവുകയായിരുന്നു അവള്‍. തനിക്കും ഇസ്‌ലാമിനുമെതിരെ പറയിപ്പിക്കാന്‍ അവര്‍ തീവ്രശ്രമം നടത്തി. എന്നാല്‍ ഭര്‍ത്താവിനെ അവള്‍ തള്ളിപ്പറയില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും ഷഫിന്‍ ജഹാന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി സന്തോഷമെന്നായിരുന്നു പിതാവ് അശോകന്റെ പ്രതികരണം. മകളെ തങ്ങളുടെ കസ്റ്റഡിയില്‍ നിന്നും മാറ്റിയെങ്കിലും പഠനം മുടങ്ങരുതെന്ന് മാത്രമാണ് ആഗ്രഹമെന്നായിരുന്നു അശോകന്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തല്‍.

ശിവരാജ് ഹോമിയോ കോളേജിലെ ഡീനിനായിരിക്കും ഹാദിയയുടെ രക്ഷകര്‍ത്താവിന്റെ താല്‍ക്കാലിക ചുമതല. മതം മാറി ഹാദിയയായി മാറിയ അഖില കൊല്ലം സ്വദേശീ ഷെഫീന്‍ ജഹാനുമായി നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ആറു മാസമായി പിതാവിന്റെ സംരക്ഷണയിലായിരുന്നു. ഇതിനെതിരേ ഷെഫീന്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നലെ സുപ്രീംകോടതി പരിഗണിച്ചത്. ഭര്‍ത്താവിനൊപ്പം അയയ്ക്കണമെന്നാണ് ഹാദിയ കോടതിയില്‍ പറഞ്ഞതെങ്കിലും അത് അംഗീകരിക്കാതിരുന്ന കോടതി പിതാവിനൊപ്പം അയയ്ക്കാനും തയ്യാറായിരുന്നില്ല.