സേലത്ത് വച്ച് പരസ്പരം കാണാമെന്ന പ്രതീക്ഷയില്‍ ഹാദിയയും ഷെഫിന്‍ ജഹാനും; അനുവദിക്കില്ലെന്ന് അച്ഛന്‍; മകള്‍ ചതിച്ചെന്ന് അമ്മ

single-img
28 November 2017

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പഠനം തുടരുന്നതിനായി ഹാദിയ സേലത്തേക്ക് തിരിച്ചു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സേലത്ത് ഷെഫിന്‍ ജഹാനെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ പറഞ്ഞു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും ഹാദിയ പറഞ്ഞു.

സേലത്തെ കോളജിലെത്തി ഹാദിയയെ കാണുമെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനും വ്യക്തമാക്കി. ഹാദിയയെ കാണരുതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. ഹാദിയയെ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകും. തനിക്കൊപ്പം വിട്ടയക്കണമെന്ന് ഹാദിയ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷെഫിന്‍ പറഞ്ഞു.

എന്നാല്‍ ഷെഫിന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് അച്ഛന്‍ അശോകന്‍ പ്രതികരിച്ചു. ഹാദിയയുടെ ജീവനാണ് താന്‍ വിലകല്‍പിക്കുന്നതെന്നും അതിനുളള നടപടിയാണ് സുപ്രീം കോടതി എടുത്തിരിക്കുന്നതെന്നും അശോകന്‍ പറഞ്ഞു.

ഹാദിയയെ കാണാന്‍ സേലത്ത് പോകും. താന്‍ അച്ഛനാണ്. ഷെഫീന്‍ ഹാദിയെ കാണാന്‍ പോയാല്‍ നിയമപരമായി നിലപാടെടുക്കുമെന്നും അശോകന്‍ പറഞ്ഞു. ഷെഫിന്‍ ജഹാന് ഹാദിയയെ കാണാനാകില്ല. ഷെഫിന്‍ ഭര്‍ത്താവാണെന്നത് സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല.

ഹാദിയയെ കാണേണ്ടവര്‍ക്കാണ് കാണാന്‍ അനുമതിയുളളത്. പോകുന്നവര്‍ക്കൊന്നും കാണാന്‍ അനുമതിയില്ലെന്നും അശോകന്‍ പറഞ്ഞു. ഹാദിയ കേസിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിലൂടെ തന്റെ വിജയമാണ് ഉണ്ടായിരിക്കുന്നത്. തന്റെ മകള്‍ക്ക് ശക്തമായ ഇരുമ്പുകവചമാണ് താന്‍ ഈ വിധിയിലൂടെ നേടിയത്. സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും അംഗീകരിക്കുന്നുവെന്നും അശോകന്‍ പറഞ്ഞു.

മകള്‍ ചതിച്ചെന്ന് ഹാദിയയുടെ അമ്മ പ്രതികരിച്ചു. കഷ്ടപ്പെട്ടാണ് മകളെ പഠിപ്പിച്ചത്. എന്നാല്‍ അവള്‍ തങ്ങളെ ചതിച്ചു. അവള്‍ക്ക് വിദ്യാഭ്യാസം നല്‍കി. ലോണ്‍ ഏടുക്കാതെയാണ് അവളെ പഠിപ്പിച്ചത്. കൂടെ പഠിച്ചവരാണ് ഹാദിയയെ ചതിച്ചത്. ഒരു തീവ്രവാദിയെ കൊണ്ട് ഹാദിയയെ അവര്‍ വിവാഹം കഴിപ്പിച്ചു. അവളുടെ മാനസികാവസ്ഥ മോശമാണെന്നും അമ്മ പ്രതികരിച്ചു. ഷഫിന്‍ ജഹാനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാദിയയുടെ അമ്മ പറഞ്ഞു.