മമ്മൂട്ടിയെ കളിയാക്കിയ ലാല്‍ ആരാധകന് ‘കണക്കിനിട്ട് കൊടുത്ത്’ ഉണ്ണി മുകുന്ദന്‍: സിനിമ കണ്ടശേഷം മറുപടി തരണമെന്ന് വെല്ലുവിളിയും

single-img
27 November 2017

രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം മാസ്റ്റര്‍ പീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ റിലീസായത്. മാസ്റ്റര്‍ പീസിന്റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ആരാധകര്‍ മാത്രമല്ല, താരലോകവും ആവേശത്തിലാണ്.

ടീസര്‍ ഇറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയുടെ ആക്ഷനെയും സംവിധായകന്‍ അജയ് വാസുദേവിന്റെ ആക്ഷന്‍ മേക്കിങ്ങിനെയും വാഴ്ത്തി ഉണ്ണി സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും മമ്മുക്കയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും താന്‍ സ്‌ക്രീനില്‍ കണ്ടെന്നും തിയേറ്ററുകളില്‍ വിസിലടിയുടെ ബഹളമാകുമെന്ന് ഉറപ്പാണെന്നും ഉണ്ണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇത് ഗ്രേറ്റ് ഫാദറിനു മുമ്പ് ആര്യ പറഞ്ഞതിന് സമാനമാണെന്നും ജാക്കിചാനെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് ആര്യ പറഞ്ഞതെന്നും മമ്മൂട്ടിക്ക് ഇപ്പോള്‍ ആക്ഷന് പരിമിതിയുണ്ടെന്നുമായിരുന്നു പോസ്റ്റിന് ഒരു മോഹന്‍ലാല്‍ ഫാന്‍ കമന്റ് ചെയ്തത്.

ആദ്യം ചെയ്തു കാണിക്കട്ടെയെന്നും കമന്റില്‍ പറയുന്നുണ്ട്. കമന്റിന് താഴെ വൈകാതെ വന്നു ഉണ്ണിയുടെ കിടിലന്‍ മറുപടിയും സ്‌നേഹത്തോടെയുള്ള വെല്ലുവിളിയും. എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21ന് സിനിമ കണ്ടശേഷം നിങ്ങള്‍ ഇവിടെ മറുപടി തരണം.

മമ്മൂട്ടി ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു, അതിനായി കാത്തിരിക്കുന്നു. ഡിസംബര്‍ 21നായും നിങ്ങളുടെ മറുപടിക്കായുമെന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

ഇതാണ് ഇവനൊക്കെയുള്ള ശരിക്കുമുള്ള മറുപടി എന്നും പറഞ്ഞ് ഉണ്ണിക്ക് കട്ട സപ്പോര്‍ട്ടുമായാണ് ആരാധകര്‍ മറുപടി നല്‍കിയത്. ചിത്രത്തില്‍ ജോണ്‍ തെക്കന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണിയും കര്‍ക്കശക്കാരനായ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്.