ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണിയെന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി: ‘സന്ദേശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല’

single-img
27 November 2017

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുടേതെന്ന പേരില്‍ നിരവധി ഭീഷണി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള എല്ലാ വശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണെന്നും ഡിജിപി പറഞ്ഞു.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഇരകളാകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു. ഈ അന്വേഷണം നടത്തുമ്പോള്‍ത്തന്നെ, മുന്‍കരുതലെന്ന നിലയിലും ആവശ്യമായ ജാഗ്രത പുലര്‍ത്തുന്നതിനുമായി ഇത്തരം ഭീഷണികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളും സാധാരണയായി നല്‍കാറുണ്ട്.

സുരക്ഷയെ മുന്‍നിറുത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പോലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
ട്രെയിനില്‍ സഞ്ചരിക്കുന്ന ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ് ഭീകരര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തീര്‍ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണവും കുടിവെള്ളവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്ന കത്തും പുറത്തുവന്നിരുന്നു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ പോലീസ് സുരക്ഷ ശക്തമാക്കാനും സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.