അശോകന് തിരിച്ചടി: സുപ്രീംകോടതി ഹാദിയ പറയുന്നത് കേള്‍ക്കുന്നു: കോടതിയില്‍ നാടകീയ രംഗങ്ങള്‍

single-img
27 November 2017

തന്റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നു നിലപാടു വ്യക്തമാക്കി ഹാദിയ സുപ്രീംകോടതിയിൽ. തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണു വീടുവിട്ടത്– സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയായി ഹാദിയ പറഞ്ഞു.

പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയോടു നിലപാടു വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയയോട് നിലപാടു ചോദിച്ചറിഞ്ഞത്.

പഠനം സർക്കാരിന്റെ ചെലവിൽ വേണമോയെന്ന ചോദ്യത്തിന് ഭർത്താവ് ഷഫിൻ ജഹാന് തന്റെ പഠനചെലവു വഹിക്കാൻ കഴിയുമെന്ന് ഹാദിയ മറുപടി നൽകി. ഭർത്താവാണ് തന്റെ രക്ഷകർത്താവ്. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കാനില്ലെന്നും ഹാദിയ വ്യക്തമാക്കി. ഷഫിൻ തന്റെ ഭർത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മാധ്യമപ്രവർത്തരോടു ഹാദിയ പറഞ്ഞിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയിൽ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയിൽ നടപടികൾ തുടങ്ങിയത്.

വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍ പറഞ്ഞു
സ്വാതന്ത്ര്യം വേണം
പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം

സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന് കോടതി

ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്ന് ഹാദിയയുടെ മറുപടി

കോടതി: സംരക്ഷണത്തിന് ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താം. ഡോക്ടറാകാന്‍ എല്ലാ സഹായവും ചെയ്യാം

ഹാദിയ: ഭര്‍ത്താവ് സംരക്ഷിച്ചോളും

മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണ് വീടുവിട്ടത്

താൻ നിയമവിരുദ്ധമായ കസ്റ്റടിയിൽ ആണെന്നും ഹാദിയ

ഹാദിയയുടെ അച്ഛന്‍ അശോകന്റെ വാദമാണ് ഇന്ന് കോടതി ആദ്യം കേട്ടത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു അശോകന്റെ ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്.

ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയോട് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ സംസാരിക്കണമെന്നും അശോകന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി പരിഗണിക്കണം. അതിനുശേഷം മതി ഹാദിയയുടെ നിലപാട് അറിയുന്നതെന്നും ശ്യാം ദിവാന്‍ പറഞ്ഞു.

എന്‍.ഐ.യുടെ വാദങ്ങള്‍

ഹാദിയ മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന നിലപാട് അംഗീകരിക്കരുത്. നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ ഒരിക്കലും കണക്കിലെടുക്കാനാവില്ല. കേരളത്തില്‍ മതംമാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പിച്ചിട്ടുണ്ട്. ഹാദിയയും അത്തരത്തില്‍ ഒരാളാണെന്നും എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സംഘടനയായ മഞ്ചേരിയിലെ സത്യസരണിയ്‌ക്കെതിരെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഏഴ് കേസുകളിലും സത്യസരണിക്ക് നേരിട്ട് ബന്ധമുണ്ട്. ഇത്തരം സംഘടനകളുടെ സ്വാധീനം ഹാദിയയ്ക്കു മേലുണ്ട്. താനൊരു മുസ്‌ളിമാണെന്ന് ഹാദിയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനത്തിലാണെന്നും എന്‍.ഐ.എ പറഞ്ഞു.

ഷെഫീന്‍ ജഹാന്റെ വാദങ്ങള്‍

ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്ന് ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍. ഹാദിയയെ കേള്‍ക്കുന്നതിന് പകരം വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷമാണ് നാം ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ഹാദിയ പ്രായപൂര്‍ത്തിയായ പെണ്ണാണെന്നും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നത് കോടതയിലക്ഷ്യമാണെന്നും സിബല്‍ വാദിച്ചു.

ഹാദിയയുടേത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇതിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ല. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഹാദിയ പറഞ്ഞത്. കഴിഞ്ഞ ദിവസവും ഹാദിയ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ മകളെ തടങ്കലില്‍ വയ്ക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കപില്‍ സിബല്‍ ചോദിച്ചു. ഹാദിയയുടേത് സ്വന്തം തീരുമാനമാണ്. അത് തെറ്റായാലും ശരിയായാലും അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും ഹാദിയ തന്നെയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.