ഹാദിയയ്ക്ക് വീട്ടു തടങ്കലില്‍ നിന്ന് മോചനം: പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി

single-img
27 November 2017

ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് സേലത്തെ ഹോമിയോ മെഡിക്കല്‍ കോളെജില്‍ പഠനം തുടരാന്‍ വിട്ടയക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാന്‍ അനുവദിക്കണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീം കോടതി തള്ളി. തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളേജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു. ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാന്‍ സേലത്തെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇതിന്റെ ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കണം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. കോളേജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണം. സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കും. ഹാദിയയ്ക്കു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. സിവില്‍ ഡ്രസിലായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാദിയയെ അനുഗമിക്കേണ്ടതെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായി കോടതി അനുവദിച്ചില്ല. മാത്രമല്ല, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതുമില്ല. ഷെഫിന്‍ ജഹാനെ കാണാന്‍ ഹാദിയയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

ഹാദിയെ കേള്‍ക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചിരുന്നു. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍.

പിന്നീടാണ് ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചത്. തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടോയെന്നും ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്നും കോടതി പറഞ്ഞു.

എന്നാല്‍ തന്റെ ഭര്‍ത്താവിന് പഠനചിലവ് വഹിക്കാന്‍ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു. രണ്ടാമതും പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയില്‍ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീംകോടതിയില്‍ നടപടികള്‍ തുടങ്ങിയത്.