ഹാദിയ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമോ?: കാതോര്‍ത്ത് കേരളം

single-img
27 November 2017

വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹാദിയ ഇന്നു നേരിട്ടു ഹാജരാകും. ഇന്നു മൂന്നുമണിക്കാണു ഹാദിയാ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

സമൂഹത്തിന്റെ വികാരം നോക്കിയല്ല മറിച്ച് നിയമപരവും ഭരണഘടനാപരവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഒരോ കേസിലും തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഒക്ടോബര്‍ 30ന് സുപ്രീംകോടതി ഉത്തരവിട്ടത്.

ഹാദിയയുടെ മതപരിവര്‍ത്തനത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടെന്നും ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒരാള്‍ ക്രിമിനലായതുകൊണ്ട് അയാളെ പ്രേമിക്കരുത്, വിവാഹം കഴിക്കരുത് എന്ന് നിയമത്തില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ എന്നായിരുന്നു അതിന് കോടതിയുടെ ചോദ്യം. ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നത് പ്രധാന നിയമപ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ കൂടെ പോകണമെന്ന നിലപാട് പ്രഖ്യാപിച്ചായിരുന്നു സുപ്രീംകോടതിയില്‍ ഹാജരാകാനായി ഹാദിയ ഡല്‍ഹിയിലേക്കെത്തിയത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് സുപ്രീംകോടതിയില്‍ ഹാജരായി ഇതേ നിലപാട് ഹാദിയ ആവര്‍ത്തിക്കുമോയെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

ഹാദിയയെ കേള്‍ക്കുന്നത് അടച്ചിട്ട കോടതിയിലാക്കാനുള്ള അവസാന ശ്രമം അശോകന്‍ ഇന്ന് നടത്തും. ഇത്തവണയും നിരസിക്കപ്പെട്ടാല്‍, തുറന്ന കോടതിയില്‍ തന്നെ ഹാദിയ തന്റെ നിലപാടറിയിക്കും. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണ് കോടതിയോട് പറയുന്നെങ്കില്‍ ഹാദിയയുടെ മാനസിക നിലയില്‍ സംശയങ്ങളുണ്ടെന്ന വാദമായിരിക്കും ഹാദിയയുടെ അച്ഛനും എന്‍ഐഎയും ഉന്നയിക്കുക. ഇതിന്റെ സൂചനകള്‍ ഇന്നലെ അശോകന്റെ അഭിഭാഷകന്‍ നല്‍കിയിരുന്നു.

ഹാദിയയുടെ നിലപാട് കേട്ട ശേഷം എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന ഹാദിയയുടെ മൊഴി കൂടി ഉള്‍പ്പെട്ടതാണ് റിപ്പോര്‍ട്ടെന്നാണ് സൂചന. അതേസമയം ഹാദിയയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയതാണെന്ന വാദം റിപ്പോര്‍ട്ടില്‍ എന്‍ഐഎ ആവര്‍ത്തിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ഇക്കാര്യത്തില്‍ കോടതി എന്ത് നിലപാടെടുക്കും എന്നുള്ളതാണ് കേസില്‍ നിര്‍ണ്ണായകമാവുക. ഹാദിയയുടെ വാദം കേള്‍ക്കുന്നതോടെ കേസില്‍ തീര്‍പ്പുണ്ടാകണമെന്ന വാദമായിരിക്കും ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ ഉന്നയിക്കുക. ഷെഫിന്‍ ജെഹാന് വേണ്ടി കപില്‍ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും എന്‍ഐഎക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനല്‍ മനീന്ദര്‍ സിങ്ങുമായിരിക്കും ഹാജരാവുക.

അതേസമയം സുപ്രീംകോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ഹാദിയ എത്തിയതോടെ കേരള ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി സ്തംഭിച്ചു. ശനിയാഴ്ച വൈകിട്ടു മുതല്‍ കനത്ത പൊലീസ് കാവലിലാണു കേരള ഹൗസ്. ഇവിടെ മുറിയെടുത്തിട്ടുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇന്നലെ മുന്‍വാതിലൂടെ പ്രവേശനം അനുവദിച്ചത്. സമൃദ്ധി റസ്റ്റോറന്റ് പ്രവര്‍ത്തിച്ചെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണു സൗകര്യം ഉപയോഗിച്ചത്.

പ്രവേശന നിയന്ത്രണം ഉണ്ടാകുമെന്നു മുന്‍കൂട്ടി അറിയാതെ ഭക്ഷണശാലയെ ആശ്രയിച്ച് എത്തിയവരും വലഞ്ഞു. കേരള ഹൗസിനു പിന്നിലെ വാതിലിലൂടെയാണു ഭക്ഷണശാലയിലേക്കുള്ള പ്രവേശനം അനുവദിച്ചത്. കേരളത്തില്‍ നിന്നുള്ള 10 അംഗ സംഘത്തിനു പുറമേ, ഡല്‍ഹി പൊലീസിലെ ഉന്നത പൊലീസ് സംഘവും ഹാദിയയ്ക്കും രക്ഷിതാക്കള്‍ക്കും സുരക്ഷ ഒരുക്കാന്‍ കേരള ഹൗസ് പരിസരത്ത് എത്തിയിട്ടുണ്ട്. ബാരിക്കേഡു വച്ചാണു പ്രവേശനം നിയന്ത്രിക്കുന്നത്.

ഹാദിയയ്‌ക്കൊപ്പം പിതാവ് അശോകന്‍, മാതാവ് പൊന്നമ്മ എന്നിവരും കേരള ഹൗസിലുണ്ട്. ഇവരുടെ സഹായത്തിനായി കേരളത്തില്‍നിന്നു വനിതാ പൊലീസുകാരും എത്തിയിട്ടുണ്ട്. ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിച്ച ഷെഫിന്‍ ജഹാന്‍ കേരള ഹൗസിനു മുന്നിലെ ഫ്‌ലാറ്റില്‍ എത്തി. ഷെഫിനുവേണ്ടി ഹാജാരാകുന്ന ഹാരിസ് ബീരാന്റെ ഓഫിസ് കേരള ഹൗസിനു തൊട്ടടുത്തുള്ള ഫ്‌ലാറ്റിലാണ്.