പ്രയാറും അജയ് തറയിലും വ്യാജരേഖ സമര്‍പ്പിച്ചുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം: പണം കട്ടിട്ടുണ്ടെങ്കില്‍ വ്യക്തമായി പറയണമെന്ന് അജയ് തറയില്‍

single-img
26 November 2017

വ്യാജരേഖയുണ്ടാക്കി യാത്രാപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ദേവസ്വം മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലിനുമെതിരെ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം വിജിലന്‍സാണ് ഇത് അന്വേഷിക്കുക.

2016 ഓഗസ്ത് 16ന് തിരുവനന്തപുരത്ത് നടന്ന ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്‌സ് പ്രകാരം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. മരാമത്ത് പണിക്ക് അനുമതി നല്‍കിയതടക്കം 26 സുപ്രധാന തീരുമാനങ്ങളും ഈ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്.

പക്ഷെ ഈ യോഗത്തില്‍ ഇരുവരും പങ്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് ഇവര്‍ സമര്‍പ്പിച്ചിട്ടുള്ള യാത്രാപ്പടി കണക്കുകള്‍. അന്നേ ദിവസം ഇരുവരും ശബരിമലയിലേക്ക് യാത്ര ചെയ്തതായാണ് രേഖകള്‍. ഇതിന് യാത്രാബത്ത വാങ്ങിയിട്ടുണ്ടെന്നും വ്യക്തം.

യാത്ര ചെയ്തിട്ടാണ് ബത്ത വാങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തതായുള്ള മിനുട്ട്‌സ് രേഖകള്‍ വ്യാജമാണ്. അതിനാല്‍ ദേവസ്വം വകുപ്പ് സംശയകരമായ ഈ രേഖകള്‍ പരിശോധിക്കുകയാണ്.
കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന സെക്രട്ടറി വിഎസ് ജയകുമാര്‍ മിനുട്ട്‌സ് എഴുതി തയ്യാറാക്കിയെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.

അതേസമയം ആരോപണങ്ങളെ തള്ളി അജയ് തറയില്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ദിവസം തന്നെ താന്‍ ശബരിമലയിലും പോയിരുന്നു. യോഗം തിരുവനന്തപുരത്ത് തന്നെ നടക്കണമെന്നില്ലെന്നും അജയ് തറയില്‍ വിശദീകരിച്ചു. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണ്. ഇതിനു പിന്നില്‍ മറ്റ് ഗൂഢാലോചനകളുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു.