നടന്‍ പ്രകാശ് രാജും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു

single-img
26 November 2017

ബംഗളുരൂ: വ്യക്തിഹത്യ നടത്തിയ ബിജെപി എംപിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നടന്‍ പ്രകാശ് രാജ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്ത മൈസുരു എംപി പ്രതാപ് സിംഹ പത്ത് ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ വ്യക്തിഹത്യ നടത്തിയാണ് ബിജെപി എംപി രംഗത്തെത്തിയതെന്ന് പ്രകാശ് രാജ് പറയുന്നു.

മരിച്ച തന്റെ മകനെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് യുവമോര്‍ച്ചയുടെ മുതിര്‍ന്ന നേതാവ് കൂടിയായ പ്രതാപ് സിംഹ ഒക്ടോബര്‍ രണ്ടിന് പോസ്റ്റ് ചെയ്തത്. താന്‍ രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് തന്നെ പരിഹസിക്കാനോ കഥകള്‍ പ്രചരിപ്പിക്കാനോ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

2004ലാണ് പ്രകാശ് രാജിന്റെ നാല് വയസുകാരന്‍ മകന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. മകന്റെ വിയോഗത്തിലുള്ള ദുഃഖത്തെ പോലും എംപി അപമാനിച്ചതായി പ്രകാശ് രാജ് പറഞ്ഞു. താനും ഭാര്യയും ഇന്നും മകന്റെ വിയോഗ ദുഃഖത്തില്‍ നിന്ന് മോചിതരായിട്ടില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തിനെതിരെയും കമലാഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ പിന്തുണച്ചും നേരത്തെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഇതും ബിജെപിയുടെ എതിര്‍പ്പുകള്‍ക്ക് കാരണമായി.