വിജയ് മല്യയ്ക്കായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയില്‍ ‘കാത്തിരിക്കുകയാണെന്ന്’ ഇന്ത്യ

single-img
26 November 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ കൈമാറിയാല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ താമസിപ്പിക്കുമെന്ന് ബ്രിട്ടനെ ഇന്ത്യ അറിയിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അഭിഭാഷകര്‍ മുഖേനെ ബ്രിട്ടീഷ് കോടതിയെ അറിയിക്കുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്തെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. മറ്റേതൊരു രാജ്യത്തുമുള്ളതു പോലെ സൗകര്യങ്ങളുള്ളതാണ് ഇന്ത്യയിലെയും ജയിലുകള്‍. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുമുണ്ട്. ഇന്ത്യയ്ക്കു വിട്ടു കൊടുക്കാതിരിക്കാന്‍ മല്യ സമര്‍പ്പിച്ച വാദങ്ങളെല്ലാം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആര്‍തര്‍ റോഡ് ജയിലില്‍ രാജ്യാന്തര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്ന സൗകര്യങ്ങളാണുള്ളതെന്നും മികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാണെന്നും കേന്ദ്രം കോടതിയെ അറിയിക്കും.

ഇന്ത്യയ്ക്ക് കൈമാറിയാല്‍ മല്യയുടെ ജീവന്‍ അപകടത്തിലാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുവെന്നും മല്യയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.

മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അവകാശവാദത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലിന് വാദം കേള്‍ക്കാന്‍ തുടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍തര്‍ റോഡ് ജയിലില്‍ മല്യ പൂര്‍ണ സുരക്ഷിതനായിരിക്കുമെന്ന് കോടതിയെ അറിയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. വിദേശകാര്യ മന്ത്രാലയം, സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികളുമായി ആശയവിനമയം നടത്തിയശേഷമാണ് ആഭ്യന്തര മന്ത്രാലയം ബ്രിട്ടീഷ് കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നത്.

ഇന്ത്യയിലെ 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചില്‍ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ. കള്ളപ്പണക്കേസില്‍ വിജയ് മല്യയ്‌ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനു കത്തും നല്‍കി. ഇതിന്മേല്‍ നടപടി പുരോഗമിക്കവെയാണ് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.