വിരാട് കോഹ്ലിക്ക് അഞ്ചാം ഡബിള്‍ സെഞ്ച്വറി; റെക്കോഡുകളില്‍ സാക്ഷാല്‍ ബ്രാഡ്മാനെയും പിന്തള്ളി: നാഗ്പൂരില്‍ റണ്‍മഴ

single-img
26 November 2017

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇരട്ടസെഞ്ച്വറി. 259 പന്തുകളില്‍ 16 ഫോറും രണ്ട് സിക്‌സറും പറത്തിയാണ് കോഹ്‌ലി ഡബിള്‍ സെഞ്ച്വറി തികച്ചത്. കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഡബിള്‍ സെഞ്ച്വറിയാണ് ഇത്. നേരത്തെ വിന്‍ഡീസ്, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് കോഹ്‌ലി ഇരട്ടശതകം കുറിച്ചിട്ടുള്ളത്. ഡബിള്‍ തികച്ചതിനു പിന്നാലെ കോഹ്ലി പുറത്താവുകയും ചെയ്തു.

267 പന്തില്‍നിന്നു 17 ബൗണ്ടറികളുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെ 213 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

ഇരട്ടസെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെയും മറികടന്നാണ് കോഹ്ലിയുടെ നേട്ടം. നായകനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ടസെഞ്ചുറികള്‍ നേടുന്ന കളിക്കാരനെന്ന നേട്ടമാണ് നാഗ്പൂരില്‍ കോഹ്ലിയെ തേടിയെത്തിയത്.

ഈ നേട്ടം ബ്രയാന്‍ ലാറയ്‌ക്കൊപ്പം പങ്കിടുകയാണ് കോഹ്ലി. അഞ്ച് ഇരട്ടസെഞ്ചുറികളാണ് നായകസ്ഥാനത്ത് ഇരുവരും കുറിച്ചത്. ബ്രാഡ്മാന്റെ അക്കൗണ്ടില്‍ നായകനെന്ന നിലയില്‍ നാല് ഇരട്ടസെഞ്ചുറികളാണുള്ളത്. കോഹ്ലിയുടെ ഇരട്ടസെഞ്ചുറികള്‍ എല്ലാം നായകസ്ഥാനത്ത് എത്തിയശേഷമാണെന്ന സവിശേഷതയുമുണ്ട്.

ടെസ്റ്റിലെ കൊഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 235 ആണ്. മുംബയ് വാങ്കഡെ സ്‌റ്റേയിത്തില്‍ ഇംഗ്‌ളണ്ടിനെതിരെ ആയിരുന്നു കൊഹ്‌ലിയുടെ ഈ നേട്ടം. 200 211, 204 എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. നേരത്തെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടനെന്ന റെക്കാഡും കൊഹ്‌ലി സ്വന്തമാക്കിയിരുന്നു.

സുനില്‍ ഗാവസ്‌കറിന്റെ 11 സെഞ്ച്വറികളുടെ റെക്കാഡാണ് 12 സെഞ്ച്വറികളുമായി കൊഹ്‌ലി മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്ടനെന്ന റെക്കോര്‍ഡും കൊഹ്‌ലിക്കാണ്. 2017ല്‍ ഇതുവരെ 10 സെഞ്ച്വറികള്‍ കൊഹ്‌ലി നേടി. 2005ലും 2006ലും റിക്കി പോണ്ടിംഗും 2005ല്‍ ഗ്രേം സ്മിത്ത് എന്നിവര്‍ നേടിയ ഒമ്പതു സെഞ്ച്വറികളുടെ റെക്കാഡാണ് കൊഹ്‌ലി തകര്‍ത്തത്.