പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക: ‘ഹാഫിസ് സെയിദിനെ ഉടന്‍ ജയിലിലടച്ചില്ലെങ്കില്‍ അനന്തരഫലം വലുതായിരിക്കും’

single-img
26 November 2017

വാഷിങ്ടണ്‍: പാക്കിസ്ഥാന്‍ കോടതി വീട്ടുതടങ്കലില്‍ നിന്നും വിട്ടയച്ച ഹാഫിസ് സെയിദിനെ വീണ്ടും ജയിലിലടച്ചില്ലെങ്കില്‍ അനന്തരഫലം വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ്. മതിയായ തെളിവുകള്‍ സമര്‍പ്പിക്കാനാകാതെ ഹാഫിസ് സെയിദിനെ തുറന്നുവിടാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്നും അമേരിക്ക അറിയിച്ചു.

വൈറ്റ് ഹൗസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹാഫിസ് സെയിദിനെ വിട്ടയച്ച വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് പാക്കിസ്ഥാനെ അമേരിക്ക വിമര്‍ശിച്ചത്. ഹാഫീസിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തുന്നതിലും പ്രോസിക്യൂട്ട് ചെയ്യുന്നതിലും പരാജയപ്പെട്ടതിനു ശേഷം അയാളെ വിട്ടയക്കുമ്പോള്‍, ലോകത്തിന് മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കില്ലെന്ന് പറയുന്ന പാക്കിസ്ഥാന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് സെയിദിനെ തുറന്ന് വിട്ടതിലൂടെ തെളിയുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭീകരവാദികള്‍ക്ക് ശിക്ഷയുറപ്പു വരുത്തുന്ന കാര്യത്തെ ഗൗരവമായല്ല പാക്കിസ്ഥാന്‍ പരിഗണിക്കുന്നതെന്നായിരുന്നു വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രാവിഷ് കുമാറിന്റെ പ്രതികരണം. ഹാഫിസിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി 31 മുതല്‍ ഹാഫിസ് സെയിദിനെയും നാല് അനുചരന്മാരെയും സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് നീട്ടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹാഫിസിനെ വിട്ടയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.