ഇരയുടെ കരച്ചിലുള്ള പീഡന ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെ: സമയദൈര്‍ഘ്യം അനുസരിച്ച് ക്ലിപ്പുകള്‍ക്ക് വില; ഇന്ത്യയില്‍ റേപ്പ് വീഡിയോ ബിസിനസ് തഴച്ചുവളരുന്നു

single-img
25 November 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പീഡന ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഇന്ത്യയിലെ പലഭാഗങ്ങളിലും റേപ്പ് വീഡിയോ ബിസിനസിലൂടെ നിരവധി പേരാണ് പണം കൊയ്യുന്നത്. പോലീസുകാരുടെ ഒത്താശയോടെയാണ് ഇത്തരം ബിസിനസ്സ് തഴച്ചുവളരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞവര്‍ഷം 50 മുതല്‍ 150 വരെ രൂപയ്ക്കായിരുന്നു വീഡിയോ വിറ്റിരുന്നതെങ്കില്‍ ഈ വര്‍ഷം 300 മുതല്‍ 500 രൂപ വരെ നിരക്ക് വര്‍ധിച്ചിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. സമയദൈര്‍ഘ്യം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. പല വീഡിയോകളും അപൂര്‍ണ്ണമായി ചിത്രീകരിച്ചവയാണ്.

എങ്കിലും 10 മിനുട്ടു മുതല്‍ 30 മിനുട്ടു ദൈര്‍ഘ്യം വരെയുള്ള ഈ വീഡിയോകള്‍ക്ക് 300 രൂപ മുതല്‍ 500 വരെയാണ് വില. 100 മുതല്‍ 200 വരെ വീഡിയോകള്‍ ദിനംപ്രതി വില്‍ക്കുമെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും നിരവധി ഓഡറുകള്‍ ലഭിക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു.

വിദ്യാര്‍ഥികളായ ആണ്‍കുട്ടികളാണ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷമെന്നും ഉപഭോക്താകള്‍ മിക്കവരും രാഷ്ട്രീയമായി പിടിപാടുള്ള ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലേതായതുകൊണ്ട് പോലീസിനെയും പേടിക്കേണ്ട ആവശ്യമില്ലെന്നും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു.

വിവിധ ഏജന്റുകള്‍ വഴിയാണ് വീഡിയോകള്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ കച്ചവടക്കാര്‍ക്ക് മുടക്കേണ്ടി വരും. അതേസമയം ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിന് മുമ്പ് കച്ചവടക്കാരുടെ വക ഒരു ‘ക്ലീനപ്പ്’ ഉണ്ട്.

റേപ്പ് ചെയ്യുന്നവരുടെ മുഖങ്ങള്‍ മറക്കുന്നതിനെയാണ് ക്ലീനപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം ഇരയുടെ മുഖത്തിന് നല്ല തെളിച്ചവും വേണം. ശബ്ദമുള്ള വീഡിയോക്കാണ്, അതായത് ഇരയുടെ കരച്ചില്‍ ഉള്ള വീഡിയോകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. കരച്ചിലിന്റെ ശബ്ദം കൂടുന്തോറും വിലയും കൂടും.

എന്നാല്‍ വീഡിയോ എടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ബലാത്സംഗത്തിന് പ്രചാരമേറിയിരിക്കുകയാണ്. ഇതോടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ബ്ലാക്ക്‌മെയില്‍ മാത്രം ലക്ഷ്യം വെച്ചല്ലെന്നാണ് വ്യക്തമാകുന്നത്. നിസാര വിലക്ക് മറ്റു പോണ്‍ വീഡിയോകള്‍ ലഭിക്കുമ്പോഴാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്ക് വേണ്ടി പണം മുടക്കാന്‍ ആളുകള്‍ തയ്യാറാകുന്നത്. ബലാത്സംഗവും കച്ചവടവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക വികാരങ്ങളാണ് ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് പലരേയും നയിക്കുന്നതെന്നാണ് സൈക്കളോജിസ്റ്റുകളുടെ നിഗമനം. ഇന്നും ലൈംഗികതയെ കുറിച്ചുള്ള സംസാരം പോലും അശ്ലീലമായി കാണുന്ന നമ്മുടെ സമൂഹം തന്നെയാണ് ഇതില്‍ പ്രധാനവില്ലനെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മാനഭംഗത്തിനൊപ്പം കുറ്റവാളികള്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന പരാതി ഗൗരവമായി എടുക്കാത്തതാണ് ഇത്തരം നീചമായ വ്യവഹാരങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം.

കടപ്പാട്: ഡെക്കാണ്‍ ക്രോണിക്കിള്‍