‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല; കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണ്’: മോദിയെ ട്രോളിക്കൊന്ന് രാഹുല്‍

single-img
25 November 2017


 

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാകിസ്താന്‍ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം.

ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ ത്വൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്.

ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ജമാഅത്ത ഉദ് ധവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വതന്ത്രനാക്കിയിരുന്നു.

കഴിഞ്ഞ 297 ദിവസം വീട്ടു തടങ്കലില്‍ കഴിയവെയാണ് മോചിപ്പിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ 9ാം വാര്‍ഷികത്തിന്റെ തൊട്ടു മുമ്പാണ് പാകിസ്താന്‍ വീട്ടുതടങ്കലില്‍ നിന്ന് ഇയാളെ മോചിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. മോചനത്തിനു പിന്നാലെ യു.എസ്. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.