പദ്മാവതി സിനിമയ്ക്ക് പിന്തുണ: വ്യത്യസ്ത പ്രതിഷേധവുമായി സിനിമാ ലോകം

single-img
25 November 2017

മുംബൈ: പദ്മാവതി സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം രംഗത്ത്. ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സംവിധാനങ്ങളും ചേര്‍ന്ന് നാളെ 15 മിനുട്ട് നേരത്തേക്ക് ഷൂട്ടിങ് ലൊക്കേഷന്‍ ബ്ലാക്ക് ഔട്ട് ചെയ്തുള്ള വ്യത്യസ്ത പ്രതിഷേധത്തിനാണ് സിനിമാ ലോകം ആഹ്വാനം ചെയ്തിരിക്കുന്നത്.

പദ്മാവതിക്കും സഞ്ജയ് ലീല ബന്‍സാലിക്കും നല്‍കുന്ന പിന്തുണ തുടരുമെന്നും കാരണം തന്റേതായ രീതിയില്‍ ഒരു കഥ പറയുക എന്നത് ഒരു സൃഷ്ടാവിനെ സംബന്ധിച്ച് അയാളുടെ പ്രാഥമിക അവകാശമാണെന്നും ഐഎഫ്ടിഡിഎ പ്രതിനിധി അശോക് പണ്ഡിറ്റ് പറഞ്ഞു.

ഉത്തരവാദിത്വബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രസംബന്ധിയായ ഒരു ചലച്ചിത്രം സൃഷ്ടിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, വലിയ ഉത്തരവാദിത്വമാണ്. സിനിമയോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായി ഞായറാഴ്ച്ച മുംബൈയിലെ സിനിമക്കാര്‍ ഒത്തുചേരും.

മുംബൈയിലെ എല്ലാ ഷൂട്ടിങ്ങ് യൂണിറ്റുകളും ഷൂട്ടിങ്ങ് നിര്‍ത്തി വെച്ച് ലൈറ്റുകള്‍ ഓഫ് ചെയ്ത് പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും പണ്ഡിറ്റ് വ്യക്തമാക്കി. തങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് പണ്ഡിറ്റ് പ്രതിഷേധ പരിപാടികള കുറിച്ച് പറഞ്ഞത്.

രജപുത്ര സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്ന് ആരോപിച്ചായിരുന്നു സിനിമയ്ക്കതെിരെ പ്രതിഷേധമുയര്‍ന്നത്. ‘മേ ആസാദ് ഹൂ'(ഞാന്‍ സ്വതന്ത്രയാണ്) എന്ന ശീര്‍ഷകത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നവംബര്‍ 26ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈ ഫിലിം സിറ്റിയില്‍ ബ്ലാക്ക്ഔട്ട് പ്രതിഷേധത്തിന് തുടക്കം കുറിക്കും.