മൂഡിസ് റേറ്റിംഗ് വിവാദത്തിന്റെ പിന്നില്‍ കളിച്ചത് സംഘ് പരിവാറും ജനം ടിവിയും: പ്രതിഷേധങ്ങള്‍ സിപിഎം അജന്‍ഡയാണെന്ന് വരുത്തിതീര്‍ക്കാനുള്ള തന്ത്രങ്ങള്‍ പൊളിഞ്ഞു

single-img
24 November 2017

അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്കില്‍ സിപിഎം സൈബര്‍ പ്രവര്‍ത്തകര്‍ പൊങ്കാലയിട്ടെന്ന വാര്‍ത്തയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യത്തിന്റെ റേറ്റിംഗില്‍ മൂഡി വ്യത്യാസം വരുത്തുന്നത്. മൂഡീസ് റേറ്റിങ് ഇന്ത്യയ്ക്ക് അനുകൂലമായതോടെ ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിപിഎം സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടെന്ന് രാജ്യത്തെ മുന്‍ നിര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്തയ്ക്ക് രാജ്യത്ത് വന്‍ പ്രചാരം ലഭിച്ചതോടെ കേരളത്തെയും സിപിഎമ്മിനെയും ഇകഴ്ത്തിയുള്ള വാര്‍ത്തകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ കുത്തൊഴുക്കായിരുന്നു. എന്നാല്‍, ഇതിന്റെ വാസ്തവമന്വേഷിച്ച ആള്‍ട്ട് ന്യൂസിനാണ് മൂഡീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ തെറിയഭിഷേകത്തിന് പിന്നില്‍ ജനം ടിവിയും ബിജെപി ദേശീയ ഐ.ടി ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ആണെന്ന് വ്യക്തമായത്.

ഇടതു ചായ്‌വുള്ളത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് മൂഡിയുടെ അക്കൗണ്ടില്‍ തെറിവിളികള്‍ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും ന്യൂസ് മിനുട്ടുമടമക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൂഡീയുടെ പേജില്‍ സിപിഎം സൈബര്‍ പോരാളികളുടെ പൊങ്കാലയെന്ന രീതിയിലുള്ള വാര്‍ത്ത ആദ്യം വന്നത് പോസ്റ്റ് കാര്‍ഡ്, ഒപി ഇന്ത്യ
ജനം ടിവി എന്നിവയിലാണ്.

https://twitter.com/bhak_sala/status/931841676477284353

പിന്നീട് ടൈംസ് ഓഫ് ഇന്ത്യയും ഇക്കാര്യം ഏറ്റുപിടിച്ചതോടെ സംഭവം ചര്‍ച്ചയായി. ബിജെപി സൈബര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഈ വാര്‍ത്ത വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. പിന്നീട് ടോം മൂഡിയുടെ പേജില്‍ കമന്റിട്ടവരുടെ പ്രൊഫൈലുകള്‍ പരിശോധിച്ച ആള്‍ട്ട് ന്യൂസ് അത് സംഘ് പ്രവര്‍ത്തകരുടെ തന്നെ കളിയായിരുന്നുവെന്നും വന്നത് വ്യാജ വാര്‍ത്തയാണെന്നും തെളിവു സഹിതം നിരത്തിയതോടെയാണ് ബിജെപിയുടെ സൈബര്‍ കള്ളി വെളിച്ചത്തായത്.

മൂഡീയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കമന്റിട്ട പ്രൊഫൈലുകളില്‍ മിക്കതും ആര്‍എസ്എസ്സിനും മോഡിക്കും അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്‍ മുമ്പു മാത്രം സൃഷ്ടിച്ചവയും. വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ് ബിജെപി സൈബര്‍ ഫെയ്ക്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ദേശീയ മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു.