ജോണ്‍ ബ്രിട്ടാസിനെതിരെയും കൈരളിക്കെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍: ഫ്‌ളോറില്‍ കാണാത്ത പൂര്‍ണ്ണ നഗ്‌നയായുള്ള ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു’

single-img
24 November 2017

https://www.facebook.com/PeopleTelevision/videos/1376144922510911/

കൈരളി ചാനലിലെ ജേബി ജംഗ്ഷന്‍ പരിപാടിക്കെതിരെയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍. സിനിമാ താരം മാത്രമല്ല, ഒരു ചെറിയ കുട്ടിയുടെ അമ്മ കൂടി ആണ് താന്‍ എന്നതു പോലും ഓര്‍ക്കാതെയാണ് ചാനല്‍ തന്റെ അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്.

ഇക്കാര്യങ്ങള്‍ വിശദമാക്കി മീര സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. താന്‍ ജേബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്‌ളോറില്‍ കാണാത്ത ക്ലിപ്പുകള്‍ എയര്‍ ചെയ്തപ്പോള്‍ കൂട്ടിച്ചേര്‍ത്തുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മീര ഉന്നയിച്ചിരിക്കുന്നത്.

ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട് അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുക തന്മാത്ര, കാക്കി, ഗുല്‍മോഹര്‍, വൈരം എന്നിവയിലെ നായികയായ മീര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ തന്‍മാത്രയിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രംഗങ്ങളൊക്കെ ചേര്‍ത്തുവച്ച് സെന്‍സേഷണലൈസ് ചെയ്താണ് തന്റെ അഭിമുഖം ചാനല്‍ ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. ഈ രംഗങ്ങള്‍ ഷോ ചെയ്യുമ്പോള്‍ തന്നെ കാണിച്ചിട്ടില്ല.

പക്ഷേ അഭിമുഖത്തിന് നല്ല ശ്രദ്ധ കിട്ടുന്നതിനായി ഈ രംഗങ്ങള്‍ പ്രത്യേകമായി ചേര്‍ത്താണ് ടെലികാസ്റ്റ് ചെയ്തത്. താന്‍ പറഞ്ഞ പലകാര്യങ്ങളും ദുര്‍വ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാധ്യമത്തില്‍ ഈ ഷോയുടെ ക്ലിപ്പിങുകള്‍ നല്‍കിയിരിക്കുന്നതു പോലും.

പക്ഷേ താന്‍ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍, അത് നമ്മളെയല്ല ദോഷകരമായി ബാധിക്കുന്നത്. ആരാണോ അങ്ങനെ പെരുമാറുന്ന അവരുടെ വ്യക്തിത്വത്തെയാണ് എടുത്തുകാണിക്കുന്നത് ഈ ഷോയെ കുറിച്ച് കൂടുതലൊന്നും അറിയില്ല.

പക്ഷേ തന്റെ ഫ്രൊഫഷണലിസത്തെ മാനിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. താന്‍ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ താന്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്.

താന്‍ ഷോ തുടങ്ങുന്നതിനു മുന്‍പേ പറഞ്ഞതായിരുന്നു തനിക്കൊരു ചെറിയ മകളുണ്ടെന്ന്. അവള്‍ ഈ ഷോ കണ്ട് തന്നെ മാത്രമല്ല, തന്റെ അമ്മയെ എങ്ങനെയാണ് അഭിമുഖത്തിലെ ചോദ്യകര്‍ത്താവ് നേരിട്ടതെന്നും വിലയിരുത്തുമെന്നും. എന്തായാലും ഒരു സ്ത്രീയെ കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോഴോ അവരെ അപമാനിക്കുന്ന തരത്തില്‍ സംസരിക്കുമ്പോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്.

നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെ. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങള്‍ കണ്ട് ത്രില്‍ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ് നല്‍കിയും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും പിന്തുണക്കുന്നവര്‍ക്കു നന്ദിയും പറഞ്ഞാണ് മീര കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളാണ് മീര. മോഹന്‍ലാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച വ്യക്തിയായി വേഷമിട്ട തന്‍മാത്രയില്‍ അവര്‍ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് മീര മലയാളത്തിലേക്കു തിരിച്ചെത്തിയത്. ചക്കരമാവിന്‍ കൊമ്പത്ത് എന്നതാണ് മീരയുടെ ഏറ്റവും പുതിയ ചിത്രം.

കഴിഞ്ഞ ദിവസമാണ് തന്മാത്രയിലെ നഗ്‌നരംഗവുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ള വീഡിയോ കൈരളി ചാനലിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തത്. ഇതേ ഷോയില്‍ സഹനടനെ ചുംബിക്കുന്നതിനെക്കുറിച്ചും മീര പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയും പല അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയുടെ ചുവട് പിടിച്ച് മീരയെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടാകുകയും ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.