‘പോലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്?; യുവനടിക്ക് പരാതിയൊന്നുമില്ലേ?’

single-img
24 November 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ വിമര്‍ശനവുമായി അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ശരിയായ രീതിയിലല്ലെന്ന് സംഗീത ലക്ഷ്മണ പറയുന്നു.

കോടതി കാണുന്നതിന് മുന്‍പ് പോലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സംഗീത ചോദിക്കുന്നു. കുറ്റപത്രം പരസ്യമായതില്‍ ആക്രമിക്കപ്പെട്ട നടിക്ക് പരാതിയില്ലേയെന്നും വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പോലുള്ള സംഘടനകള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സംഗീത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

നടന്‍ ദിലീപിനെതിരെ കുറ്റപത്രം.

കേള്‍ക്കുമ്പോള്‍ ഞെട്ടണം. ശരി.. ഒക്കെ, ഞെട്ടി എന്നാല്‍ സംശയം ഇതാണ്; കുറ്റപത്രം കുറ്റപത്രം എന്ന് ചുമ്മാതങ്ങ് പറഞ്ഞാ മതിയോ? ഈ പറയുന്ന കുറ്റപത്രം പോലീസ് കൊണ്ടു പോയി സമര്‍പ്പിക്കുന്ന കോടതി ഇത് കാണുക, അംഗീകരിക്കുക, ഫയലില്‍ സ്വീകരിക്കുക എന്നൊക്കെ പറയുന്ന ചില ചടങ്ങുകള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ള ക്രിമിനല്‍ നടപടി ക്രമം അഥവാ Cr.P.C അനുശാസിക്കുന്നത്.

അത്രയും കഴിയുമ്പോള്‍ മാത്രമാണ് അത് കുറ്റപത്രമാവുക. എന്റെ അറിവ് അതാണ്. എന്റെ അനുഭവജ്ഞാനവും അത് തന്നെയാണ്. ഇതിനൊക്കെ മുന്‍പ്, ഈ കുറ്റപത്രം പരിഗണിക്കേണ്ടുന്ന കോടതിയിലെ ന്യായാധിപന്‍ ഇത് കാണുന്നതിന് മുന്‍പ് പോലീസ് എന്തിനാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്?

ഈ കേസ് വിചാരണയ്ക്ക് എത്തുന്ന കോടതിയിലെ ജഡ്ജിയുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തിയാണ് പോലീസ് അന്വേഷണ സംഘം ഈ ചെയ്തത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യവിചാരണയാണ് നിയമം അനുശാസിക്കുന്നത്.

ആ വഴിക്ക് കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നൊരു വാര്‍ത്ത വായിച്ചതായി ഓര്‍മ്മിക്കുന്നു. അങ്ങനെയെങ്കില്‍, താന്‍ റേപ്പ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കോടതി പരിഗണിച്ച്, വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കേണ്ടുന്ന കുറ്റപത്രവും അതിന്റെ ഉള്ളടക്കവും പരസ്യപ്പെടുത്തുന്നതില്‍, പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നമ്മുടെ യുവനടിക്ക് പരാതിയൊന്നുമില്ലേ?

ചര്‍ച്ച ചെയ്യപ്പെടണം. ഇതും ചര്‍ച്ച ചെയ്യപ്പെടണം. എവിടെ WCC? എവിടെ നമ്മുടെ വനിതാ സംഘടനകള്‍? സ്ത്രീ സുരക്ഷാ അപ്പോസ്ത്തല ചേച്ചിമാര്‍ എവിടെ? ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനാ? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്. വരൂ, കടന്നു വരൂ.. പ്ലീസ്.